ഇന്‍ഡോര്‍: ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഭരണ അനുകൂല തരംഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെങ്കില്‍, ഇപ്പോള്‍ ഭരണ അനുകൂല തരംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2014ല്‍ മോദിയെക്കുറിച്ചും മോദിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജ്യത്തിന് കേട്ടറിവ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2019 മോദിയുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് വിജയമാക്കിയതിന് മദ്ധ്യപ്രദേശിനും ഇന്‍ഡോര്‍ നഗരത്തിലെ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഇവിടുത്തെ ജനങ്ങളോട് എന്നും കടപ്പെട്ടിരിക്കും. എന്റെ സ്വപ്ന പദ്ധതികളിലൊന്ന് നിങ്ങള്‍ വന്‍ വിജയമാക്കി. സ്വച്ഛ് ഭാരത് അഭിയാന്റെ ലക്ഷ്യം സാധാരണക്കാരിലേക്കും എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് ഇന്‍ഡോറിലെ സഹോദരി സഹോദരന്മാര് കാരണമാണെന്നും മോദി പറഞ്ഞു.
2014 ഒക്ടോബര്‍ രണ്ടിന് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് സ്വച്ഛ് ഭാരത് അഭിയാന് തുടക്കം കുറിക്കുന്നത്. രാജ്യത്തെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. മെയ് 19നാണ് മദ്ധ്യപ്രദേശില്‍ അവസാന വട്ട വോട്ടെടുപ്പ്. എട്ട് ലോക്സഭ സീറ്റുകളിലേക്കാണ് അന്ന് മത്സരം നടക്കുന്നത്.