ചെന്നൈ: തമിഴ് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമലഹാസനെതിരെ ക്രിമിനല്‍ കേസ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നുള്ള പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മത വികാരം വൃണപ്പെടുത്തിയതിനും വര്‍ഗീയ ധ്രുവീകരണത്തിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 153A, 295A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അരവാക്കുറിച്ചി പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. മെയ് 12ന് തമിഴ്നാട്ടിലെ അരവാക്കുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അയിരുന്നു കമലഹാസന്റെ വിവാദ പരാമര്‍ശം.
‘ ഞാനിത് പറയുന്നത് ഇവിടെ മുസ്ലിങ്ങള്‍ ധാരാളം ഉള്ളതിനാല്‍ അല്ല. മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഞാനിക്കാര്യം പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോഡ്സെ എന്നാണ്’. ഇതായിരുന്നു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള കമലഹാസന്റെ പരാമര്‍ശം.