NewsQatar

നീതി തേടി ഉഷാകുമാരി ഖത്തറില്‍

ദോഹ. മയക്കുമരുന്നു കടത്തു സംഘത്തിന്റെ ചതിയില്‍പ്പെട്ട് ജയിലിലായ ഏകമകനു നിയമസഹായം ഉറപ്പാക്കാന്‍ നാട്ടിലെ വീടു പണയപ്പെടുത്തി അമ്മ ഖത്തറില്‍. അങ്കമാലി വട്ടേക്കാട്ട് മൂക്കന്നൂര്‍ കാരോട്ട് ഹൗസില്‍ ഉഷാ കുമാരിയാണ് മകന്‍ ആഷിക് ആഷ്‌ലി(23)യുടെ മോചനശ്രമങ്ങള്‍ക്കായി മേഘാലയ മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ സഹായത്തോടെ ദോഹയിലെത്തിയത്.
ആഷിക്കിന്റെ സുഹൃത്തിന്റെ സുഹൃത്തായ കൊടുങ്ങല്ലൂര്‍ സ്വദേശി നവാഫിന്റെ സഹായത്തോടെ ദിവസങ്ങള്‍ക്കുള്ളില്‍ഖത്തര്‍ രാജകുടുംബാംഗമായ അഭിഭാഷകയെ കണ്ട് മകന്റെ കേസില്‍‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉഷാകുമാരി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കുമ്മനം രാജശേഖരന്‍ നല്‍കിയ കത്തുമായി ഖത്തറില്‍ എത്തിയ ഉഷാകുമാരിക്ക് എംബസിയുമായി ബന്ധപ്പെട്ട് ഒഎഫ്ഐ പ്രസിഡന്റ് കെ.ആര്‍.ജി. പിള്ളയും ഗോവിന്ദും എല്ലാ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. വിഷയം ഇവര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിലും എത്തിച്ചിട്ടുണ്ട്.
ഖത്തറിലെ ഒരു കമ്പനിയില്‍ സെയില്‍സ് എക്സിക്യുട്ടിവ് വിസയില്‍ 2018 മാര്‍ച്ച് 15നാണ് ആഷിക് ഖത്തറിലെത്തുന്നത്. ദോഹ വിമാനത്താവളത്തിലെ സ്ക്രീനിങ്ങില്‍ ആഷിക്കിന്റെ ബാഗിലെ രഹസ്യഅറയില്‍ 3 കിലോ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയായിരുന്നു.


മൂന്നാം ദിവസം ഖത്തരി പൊലീസ് തന്നെയാണ് ആഷിക്കിനെക്കൊണ്ട് ഉഷാകുമാരിയെ വിളിപ്പിച്ച് മയക്കുമരുന്നു മാഫിയ തന്നെ ചതിച്ചതും ഖത്തറില്‍ അറസ്റ്റിലാണെന്ന വിവരവും അറിയിച്ചത്. അന്നു മുതല്‍ തുടങ്ങിയതാണ് നിരപരാധിത്വം തെളിയിച്ച് മകനെ രക്ഷപ്പെടുത്താനുള്ള ഈ അമ്മയുടെ ശ്രമങ്ങള്‍.
ബാംഗ്ലൂരില്‍ പരിചയപ്പെട്ട കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ജയേഷാണ് ആഷിക്കിന് ഖത്തറില്‍ വിസ ശരിയാക്കിക്കൊടുത്തത്. ഒരു ലക്ഷം രൂപയാണ് വിസക്ക് ജയേഷ് ഈടാക്കിയത്. ഖത്തറിലേക്കുള്ള യാത്രയുടെ തലേന്ന് വീട്ടിലെത്തിയ ജയേഷ് വസ്ത്രങ്ങളും മറ്റും വയ്ക്കാനുള്ള പെട്ടി കുറഞ്ഞവിലയില്‍ വാങ്ങാമെന്നറിയിച്ച് ആഷിക്കിനെയും കൂട്ടി ഒരു വീട്ടില്‍പോയി.
ബാഗ് നിര്‍മിക്കുന്ന വീടെന്നു തോന്നുന്ന വിധത്തില്‍ ഒട്ടേറെ ബാഗുകള്‍ അടുക്കിയിരുന്ന ആ വീട്ടില്‍ ഒരു ഉമ്മ മാത്രമാണ് ഇവര്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നത്. ഉള്ളിലെ മുറിയില്‍ ടാര്‍പോളിന്‍കൊണ്ടു മൂടിയിട്ടിരുന്ന ബാഗ് ജയേഷാണ് സെലക്ട് ചെയ്ത് ആഷിക്കിനു നല്‍കിയത്.
ആ ബാഗാണ് ഈ അമ്മയുടെ ജീവിതം ദുരിതമാക്കുകയും മകനെ ഖത്തറില്‍ ജയിലിലാക്കുകയും ചെയ്തത്. സാധാരണ പരിശോധനയില്‍ വ്യക്തമാകാത്ത വിധം ഉള്ളില്‍ തയ്ച്ച അറയില്‍ 3 കിലോ മയക്കുമരുന്നാണ് ഒളിപ്പിച്ചിരുന്നത്. ഈ ചതിയറിയാതെയാണ് ആ ബാഗുമായി ആഷിക് ഖത്തറിലിറങ്ങിയതും ജയിലിലായതും.
ഇത് തനിക്ക് നാട്ടില്‍ നിന്നൊരാള്‍ വാങ്ങിത്തന്ന ബാഗാണെന്നും ഉള്ളിലെ രഹസ്യ അറയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് ആഷിക് പറഞ്ഞെങ്കിലും അതൊന്നും അധികൃതര്‍ വിശ്വസിച്ചില്ല. മയക്കുമരുന്നു കടത്തിയ കേസില്‍ 10 വര്‍ഷം തടവും 3 ലക്ഷം റിയാല്‍ പിഴയും വിചാരണക്കോടതി ശിക്ഷിച്ചു.
മകന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഉഷാകുമാരി നാട്ടില്‍ പൊലീസിനു പരാതി നല്‍കി. ബാഗ് നല്‍കിയ വീട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ലോക്കല്‍ പൊലീസ് വീട്ടിലുണ്ടായിരുന്ന ജയേഷിന്റെ ബാഗുകള്‍ മാത്രമാണ് പരിശോധിച്ചത്.
ഒടുവില്‍ ജയേഷ് ഒഴികെ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. 90 ദിവസം ജയിലില്‍ കിടന്ന ഇവര്‍ ജാമ്യം നേടി ഇപ്പോള്‍ നാട്ടില്‍ വിലസുന്നു.
ആഷിക് ജനിക്കുംമുമ്പേ അച്ഛന്‍ ആഷ്‌ലി മരിച്ചിരുന്നു. ജനനം മുതല്‍ മകന് അമ്മയും അമ്മയ്ക്കു മകനുമായിരുന്നു ലോകം. മകന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ശശിതരൂര്‍ എംപി വരെയുള്ളവര്‍ക്ക് നിവേദനമയച്ചു. ഖത്തര്‍ അധികൃതര്‍ക്കും മകന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി ഇ-മെയിലുകള്‍ അയച്ചു. ഒന്നിലും പരിഹാരമാകാതെ വന്നപ്പോഴാണ് കുമ്മനം രാജശേഖരന്റെ സഹായം തേടിയത്.
പക്ഷാഘാതം വന്ന് ശരീരം തളര്‍ന്നു കിടപ്പിലായ തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മകനെകൂട്ടി ഖത്തറില്‍ നിന്നു മടങ്ങാന്‍ സാധിക്കണേ എന്ന പ്രാര്‍ഥനയിലാണ് ഉഷാകുമാരി. അച്ഛനില്ലാത്തവരേയും താഴ്ന്ന വരുമാനമുള്ള വീടുകളിലെ ചെറുപ്പക്കാരേയുമാണ് ലഹരിക്കടത്തിന് കേരളത്തിലെ റാക്കറ്റ് ഇരകളാക്കുന്നത്. ഇനി മറ്റൊരമ്മയും ഇതുപോലെ കണ്ണീര്‍ കുടിക്കരുതെന്ന ചിന്തയിലാണ് ഉഷാകുമാരി ഇതു പറയുന്നത്.
കേസ് നടത്തിപ്പിന് ഭാരിച്ച ചെലവു വരുമെന്നതിനാല്‍ ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകള്‍ ഉഷാകുമാരിക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്.

10 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close