കോഴിക്കോട്: ദേഹമാസകലം പരിക്കേറ്റ മൂന്ന് വയസുകാരനെ അമ്മയോ കാമുകനോ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസ്. ബൈക്ക് അപകടത്തെ തുടര്‍ന്നാണ് കുട്ടിക്കു പരിക്കേറ്റതെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്. പരിക്കേറ്റത് അപകടം മൂലമാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി.
കാമുകനൊപ്പം ഒളിച്ചോടിയ അമ്മയ്ക്ക് ഒപ്പമായിരുന്ന കുട്ടിയെ ദേഹമാസകലം പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ പൊള്ളിച്ചെന്നായിരുന്നു കുട്ടിയുടെ അച്ഛന്റെ ബന്ധുക്കളുടെ ആരോപണം.
കാമുകനൊപ്പം ഒളിച്ചോടിയ അമ്മയ്ക്ക് ഒപ്പമായിരുന്ന കുട്ടിയെ കണ്ടെത്തിയത് പിതാവിന്റെ ബന്ധുക്കളാണ്.കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുകള്‍ ഉണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്.
കുട്ടിയുടെ അമ്മയും കാമുകനും ചേര്‍ന്ന് കുട്ടിയെ ഉപദ്രവിച്ചെന്ന പിതാവിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് അമ്മ സുലൈഹയെയും കാമുകന് അല്‍ത്താഫിനെയും നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ബീച്ച് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതോടെ അപകടം മൂലമാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് വ്യക്തമായി.