എറണാകുളം: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ വ്യാപക അഴിമതി നടന്നതായി വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വ്യാജരേഖ വിവാദത്തില്‍ കേസ് എടുക്കാനും സംസ്ഥാനമൊട്ടാകെ അന്വേഷണം വ്യാപിപ്പിക്കാനും വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടു.
വ്യാപക അഴിമതി നടന്നതായുള്ള പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. സമാന സംഭവങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടോ എന്ന് വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ഇത്തരത്തില്‍ സംഭവങ്ങള്‍ നടന്നിട്ടുള്ളതെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനായാണ് പ്രത്യേക സംഘത്തെ വിജിലന്‍സ് നിയോഗിച്ചത്. സംസ്ഥാനത്തെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന തരത്തില്‍ നിലവും തണ്ണീര്‍ തടങ്ങളും നികത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കാന്‍ പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിലെ പൊലീസ് സുപ്രണ്ട് കെ. ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ അനില്‍കാന്ത് നിയോഗിച്ചിരിക്കുന്നത്.