പുല്‍വാമ: ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് വീരമൃത്യു. 3 ഭീകരരെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ദലിപ്പോര മേഖലയിലാണ് ഏറ്റുമുട്ടല്‍. ദലിപ്പോരയിലെ ഒരു വീടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഇരുപക്ഷവും തമ്മില്‍ അതിശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
2 ദിവസം മുന്‍പ് ജമ്മു കശ്മീരിലെ ഷോപിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഹിന്ദ് സിതപൊരയിലായിരുന്നു ഏറ്റുമുട്ടല്‍.
കുല്‍ഗാമിലെ ലഷ്കര്‍ ഭീകരന്മാരായ ജാവിദ് അഹമ്മദ് ഭട്ടും ആദില്‍ ബഷീര്‍ വാനിയുമാണ് കൊല്ലപ്പെട്ടത്. ജനവാസമേഖലകളിലും സുരക്ഷാമേഖലകളിലും ഗുരുതരമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയവരായിരുന്നു കൊല്ലപ്പെട്ട ഭീകരന്മാര്.
ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതികളായിരുന്നു ഇവര്‍. മേഖലയില്‍ നിരവധി ആക്രമണങ്ങള്‍ക്ക് ഇവര്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. നിരോധിത ഭീകരവാദ സംഘങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഇവര്‍ പങ്കാളികളായിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന ഹിന്ദ് സിതപൊരയില് നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. മറ്റ് ഭീകരസംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.