കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതിയ സംഭവത്തില്‍ സമഗ്ര അന്വേഷണം സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അതേസമയം, ഒളിവില്‍ പോയ മൂന്ന് അധ്യാപകരെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
പരീക്ഷയില്‍ തിരിമറി നടന്നത് തെളിഞ്ഞതിനാല്‍ വീണ്ടും പരീക്ഷ എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു.
ജൂണ്‍ പത്തിന് നടക്കുന്ന സേ പരീക്ഷയില്‍ വീണ്ടും പരീക്ഷ എഴുതാനാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ആദ്യം വിസമ്മതിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പിന്നീട് തീരുമാനം അംഗീകരിക്കുകയായിരുന്നു. സേ പരീക്ഷയില്‍ വീണ്ടും പരീക്ഷ എഴുതാനായി കുട്ടികള്‍ അപേക്ഷ നല്കി.
സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയാണ് ഹയര്‍ സെക്കന്‍ഡറിവിഭാഗം റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗോകുലകൃഷ്ണന്‍ മുക്കം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന് പരീക്ഷയെഴുതിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന് ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അടക്കം 3 അധ്യാപകരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
സ്കൂളിലെ അധ്യാപകനും അഡീഷണല്‍ ഡപ്യൂട്ടി ചീഫുമായ നിഷാദ് വി. മുഹമ്മദാണ് അറസ്റ്റിലായ അധ്യാപകന്. മൂല്യ നിര്‍ണയത്തിനിടെയാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെടുന്നത്. ഉത്തരക്കടലാസിലെ കയ്യക്ഷരം കണ്ട് സംശയം തോന്നിയാണ് പരിശോധന നടത്തിയത്.