തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അഭിഭാഷകന് ബിജു മോഹന്‍ ഭാര്യയെ കള്ളക്കടത്തിന് കാരിയറായി ഉപയോഗിച്ചിരുന്നെന്നതിന് തെളിവുകള്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഭാര്യ വിനീത രത്നകുമാരിയില്‍ നിന്നും ലഭ്യമായെന്നും പോലീസ് അറിയിച്ചു. ദുബായില്‍ ഒളിവില്‍ കഴിയുന്ന മുഖ്യകണ്ണി ജിത്തുവിനെ പിടികൂടാന്‍ വിദേശ ഏജന്‍സിയുടെ സഹായം തേടാനും ഡിആര്‍ഐ തീരുമാനിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ 25 കിലോ സ്വര്‍ണം ബിജുവിന് കൈമാറാന്‍ എത്തിച്ചതെന്നാണ് നിഗമനം.കാരിയേഴ്സിനെ ഉപയോഗിച്ച് പല തവണ സ്വര്‍ണം കടത്തിയിരുന്നതായി ബിജു മോഹന്റെ ഭാര്യ വിനീതയെ ചോദ്യം ചെയ്തതില്‍ വെളിപ്പെട്ടു. ബിജുവിന്റെ നിര്‍ദേശപ്രകാരം സ്വര്‍ണക്കടത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചെന്നാണ് വിനീതയുടെ മൊഴി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ അറസ്റ്റിലായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ തിരുമല സ്വദേശി സുനിലിനെ ചോദ്യം ചെയ്തതിലാണ് കേസില്‍ അഭിഭാഷകന്റെ പങ്ക് വ്യക്തമായത്. ദുബായിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന സെറീനയും സുനിലിനൊപ്പം പിടിയിലായിരുന്നു.