തൃശ്ശൂര്‍: ബാര്‍ നടത്താനുളള അനുമതി നേടിയെടുക്കാനായി വ്യാജരേഖ നിര്‍മ്മിച്ച് പഞ്ചായത്തിനെ കബളിപ്പിച്ച റിസോര്‍ട്ട് ഉടമക്കെതിരെ കേസെടുത്തു. തൃശ്ശൂര്‍ കാഞ്ഞാണി സില്‍വര്‍ റസിഡന്‍സി എന്ന റിസോര്‍ട്ടിന്റെ ഉടമയായ ജോര്‍ജിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സില്‍വര്‍ റസിഡന്‍സിയില്‍ അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ബാര്‍ ആക്കാനുള്ള അനുമതി തേടിയുള്ള അപേക്ഷയിലാണ് തിരിമറി കണ്ടെത്തിയത്. അപേക്ഷക്കൊപ്പം സമര്‍പ്പിച്ച പ്ലാനില്‍ സര്‍വേ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ആധാരമുള്‍പ്പടെയുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നില്ല. ഇവ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭൂനികുതി രസീതാണ് ഹാജരാക്കിയത്. കൈവശാവകാശ സര്‍ട്ടിഫിക്കറ്റിലും മറ്റ് മുന്‍ രേഖകളിലും ഭൂമിയുടെ തരം നിലം എന്നത് തിരുത്തി പുരയിടം എന്നാക്കി മാറ്റിയിട്ടുണ്ട്.
ഭൂനികുതി രസീതും കൈവശാവകാശ രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനാലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ പോലീസ് കേസെടുത്തത്. വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും നിലവില്‍ അന്വേഷണം പുരോഗമിച്ചു വരികയാണെന്നും അന്തിക്കാട് പോലീസ് അറിയിച്ചു.