ലക്നൗ: ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മനസിലാക്കിയ എസ്പി-ബിഎസ്പി സഖ്യം ഇപ്പോള്‍ പരസ്പരം കഴുത്തില്‍ പിടിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മിലടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലക്നൗവിലുള്ള എ സി മുറിയിലിരുന്ന് ധാരണകളിലെത്തുന്നതിനാലാണ് എസ്പി-ബിഎസ്പി നേതാക്കള്‍ക്ക് അടിസ്ഥാന വിഷയങ്ങളെക്കുറിച്ച് അറിയാത്തത്. ഇപ്പോള്‍ അവര്‍ പരാജയപ്പെടുമെന്ന് സ്വയം ബോധ്യമായിരിക്കുന്നു. ഇതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പരസ്പരം കോളറില്‍ പിടിക്കുന്നത്’. അദ്ദേഹം വ്യക്തമാക്കി.
തന്നെ അധിക്ഷേപിക്കുന്ന ഇത്തരക്കാരൊക്കെ അഴിമതിക്കാരാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും സംസ്ഥാനം കൊള്ളയടിച്ചവരാണ് സ്വയം ‘സമാജ്വാദി’ എന്നു വിളിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഒപ്പം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ എന്‍ഡിഎ 300-ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
മെയ് 19-ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പോടെ ഉത്തര്‍പ്രദേശിലെ പോളിംഗ് പൂര്‍ത്തിയാകും. മെയ് 23-നാണ് ഫലപ്രഖ്യാപനം.