ബാംഗ്ലൂര്‍: ഗൂഗിള്‍ പേ ആപ്പിലൂടെ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ബാംഗ്ലൂര്‍ സ്വദേശി രംഗത്ത്. ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ യുവാവാണ് ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഇയാള്‍ സിറ്റി സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തന്റെ പഴയകാല സുഹൃത്ത് എന്ന വ്യാജേന ഒരാള്‍ തന്നെ വിളിച്ചതായി യുവാവ് പറഞ്ഞു. താന്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച് തുടങ്ങിയതേയുള്ളൂവെന്നും ഇതിന്റെ ഭാഗമായി 30000 രൂപ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ടെന്നും വിളിച്ചയാള്‍ യുവാവിനോട് പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്റെ ഫോണില്‍ പണം ക്രെഡിറ്റ് ആയതായി എസ്എംഎസും വന്നു.
കുറച്ച് സമയം കഴിഞ്ഞ് ഈ പണം തിരികെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെട്ടെന്നും ഉടന്‍തന്നെ പണം ട്രാന്‍സ്ഫര്‍ ചെയ്തെന്നും പരാതിക്കാരന് പറഞ്ഞു. എന്നാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായതെന്നും എസ്എംഎസ് വ്യാജമായിരുന്നെന്നും ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മനസിലായതെന്നും യുവാവ് പറയുന്നു.
യുവാവിന്റെ പരാതിയില്‍ ബാംഗ്ലൂര്‍ സിറ്റി സൈബര്‍ ക്രൈം വിഭാഗം ഗൂഗിള്‍ ഇന്ത്യയുടെ നിയമ വിഭാഗം മേധാവിക്ക് നോട്ടീസയച്ചിട്ടുണ്ട്. പരാതിയില്‍ ശനിയാഴ്ച്ച നേരിട്ട് ഹാജരാകണമെന്നാണ് ഗൂഗിള്‍ ഇന്ത്യയുടെ നിയമ വിഭാഗം മേധാവിയോട് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.