ആറു മാസം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ച് യു എ ഇ. വിവിധ മേഖലകളിൽ നിന്നുയർന്ന ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ അറിയിച്ചു.
വിദ്യാർഥികൾ, പ്രൊഫഷണലുകൾ, ബിസിനസുകാർ എന്നിവർക്കാണ് ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്കായി അപേക്ഷിക്കാവുന്നത്. തുടർ വിദ്യാഭ്യാസം, ബിസിനസ്സ് വിപുലപ്പെടുത്തൽ, ജോലി സംബന്ധമായ നടപടിക്രമങ്ങൾ എന്നിവ പൂർത്തിയാക്കുവാൻ ഈ നടപടി സഹായകരമാകുമെന്നാണ് പ്രതീക്ഷ. ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ് ഇതുൾപ്പടെ മൂന്നു സുപ്രധാന തീരുമാനങ്ങൾ ആണ് പ്രഖ്യാപിച്ചത്. ഒരു പ്രാവശ്യം മാത്രം രാജ്യത്തു പ്രവേശിക്കാനാകുന്ന ആറു മാസ വിസ, വിദ്യാർത്ഥികൾക്കും നിക്ഷേപകർക്കുമുള്ള ആറു മാസ വിസ എന്നിവയാണ് മറ്റു രണ്ടു പ്രഖ്യാപനങ്ങൾ.
രാജ്യത്ത് കൂടുതൽ നിക്ഷേപം സാധ്യമാക്കാനും, യു എ ഇ യിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമാകുന്നതുമാണ് പുതിയ തീരുമാനങ്ങൾ. ദുബായ് ആതിഥ്യമരുളുന്ന എക്സ്പോ 2020 നുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്ന മുറക്ക് രാജ്യത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു മാസ വിസ അനുവദിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു ശേഷം അയ്യായിരത്തിലേറെ നിക്ഷേപകർ അപേക്ഷയുമായി മുന്നോട്ട് വന്നിട്ടുണ്ട്.