ഭോപ്പാല്‍: ഹോംവര്‍ക്ക് പൂര്‍ത്തീകരിക്കാതെ ക്ലാസില്‍ എത്തിയ ആറാം ക്ലാസുകാരിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍. മനോജ് വര്‍മ്മ എന്ന അദ്ധ്യാപകനാണ് വിദ്യാര്‍ത്ഥിനിക്ക് 168 അടി ശിക്ഷയായി വിധിച്ചത്. ശിക്ഷ നടപ്പാക്കിയത് 14 സഹപാഠികളുടെ സഹായത്തോടെ 6 ദിവസങ്ങളിലായി. 14 പേരും ദിവസം 2 തവണ വീതം കുട്ടിയെ അടിച്ചാണ് ശിക്ഷ നടപ്പാക്കിയത്.
മധ്യപ്രദേശിലെ ഝബുവയില്‍ 2018 ജനുവരി 11-നാണ് സംഭവം നടന്നത്. ജവഹര്‍ നവോദയ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടി അസുഖത്തെ തുടര്‍ന്ന് ജനുവരി 1 മുതല്‍ 10 വരെ സ്കൂളില്‍ പോയിരുന്നില്ല. ജനുവരി 11-ന് അസുഖം ഭേദമായതിനേ തുടര്‍ന്ന് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനി ഹോംവര്‍ക്ക് പൂര്‍ത്തിയാക്കിയില്ലെന്ന് പറഞ്ഞ് അദ്ധ്യാപകന് മനോജ് വര്‍മ്മ ശിക്ഷ വിധിക്കുകയായിരുന്നു.
അസുഖം ഭേദമായി സ്കൂളിലെത്തിയ കുട്ടി ഈ ശിക്ഷ കൂടി ഏറ്റുവാങ്ങിയതോടെ തീര്‍ത്തും തളര്‍ന്നു പോയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നെന്നും കുട്ടിയുടെ പിതാവ് ശിവ പ്രതാപ് സിംഗ് പറയുന്നു. തുടര്‍ന്ന് അദ്ദേഹം സ്കൂള്‍ മാനേജ്മെന്റിന് പരാതി നല്‍കിയിരുന്നു. പരാതിയിന്മേല് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തെങ്കിലും കുട്ടിയുടെ പിതാവ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ഉള്‍പ്പെടുത്തി അദ്ധ്യാപകനെതിരെ വീണ്ടും പരാതി നല്‍കിയിരുന്നു.
പരാതിയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച്ച അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റ് ഇദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.