ഷോപ്പിയാന്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനൊടുവിലുണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ പോലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭികരരെ കണ്ടെത്തി വധിച്ചതെന്ന് സംസ്ഥാന പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
‘പരിശോധന പുരോഗമിക്കുന്നതിനിടയില്‍ മറഞ്ഞിരുന്ന ഭീകരര്‍ സുരക്ഷാസേനക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ഒരു ജവാന് പരിക്കേറ്റു. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്’. പോലീസ് പറഞ്ഞു.
ആക്രമണം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ തെരച്ചിലില്‍ തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെത്തി. സ്ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളോട് വെടിവയ്പ്പ് നടന്ന സ്ഥലത്തേക്ക് പ്രവേശിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
ഇന്ന് പുലര്‍ച്ചെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചിരുന്നു. ദലിപ്പോരയിലെ ഒരു വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന 3 ഭീകരരെ
സൈന്യം വധിച്ചു. കുല്‍ഗാമിലെ ലഷ്കര്‍ ഭീകരന്മാരായ ജാവിദ് അഹമ്മദ് ഭട്ടും ആദില്‍ ബഷീര്‍ വാനിയുമാണ് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനവാസമേഖലകളിലും സുരക്ഷാമേഖലകളിലും ഗുരുതരമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കിയവരായിരുന്നു കൊല്ലപ്പെട്ട ഭീകരന്മാര്.