India

മുത്തലാഖ് ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും

ന്യൂഡൽഹി: മുത്തലാഖ് ചോദ്യം ചെയ്ത് മുസ്ലിം യുവതി സമർപ്പിച്ച ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. കോടതി വിധി നിലനിൽക്കെ ഭർത്താവ് നടത്തിയ മുത്തലാഖ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് യുവതിയുടെ വാദം.

ഭർത്താവ് നടത്തിയ തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുപ്പത്തിരണ്ടുകാരിയായ റൂബിയാണ് പരമോന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്.

ഭർത്താവ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയ ശേഷം തലാഖ് ചൊല്ലിയതായി കാണിച്ച് രണ്ട് തവണ നോട്ടീസ് അയക്കുകയായിരുന്നു. ഈ പ്രവൃത്തി മുത്തലാഖ് ഓർഡിനൻസുമായി ബന്ധപ്പെട്ട് നിലവിലുള്ള പരമോന്നത കോടതിവിധിയുടെ ലംഘനമാണെന്നാണ് പരാതിക്കാരി വാദിക്കുന്നത്.

വിഷയം കോടതി അടിയന്തിരമായി പരിഗണിക്കണമെന്ന പരാതിക്കാരിയുടെ അഭിഭാഷകന്റെ ആവശ്യം  അനുഭാവപൂർവ്വം പരിഗണിച്ച കോടതി കേസ് കേൾക്കുന്നതിനായി ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയെയും സഞ്ജീവ് ഖന്നയെയും ചുമതലപ്പെടുത്തുകയായിരുന്നു.

‘എനിക്ക് നീതി തരണമെന്ന് കോടതിയോട് ഞാൻ അപേക്ഷിക്കുകയാണ്. ഭർത്താവ് തലാഖ് ചൊല്ലിയിരിക്കുന്നത് നിയമവിരുദ്ധമായാണ്. എൻ്റെ കുട്ടികളോടൊപ്പം ഞാൻ എവിടേക്കാണ് പോകുക?’ പരാതിക്കാരി ചോദിക്കുന്നു.

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കൾ തന്നെ നിരന്തരം മർദ്ദിക്കാറുള്ളതായും യുവതി പരാതിയിൽ പറയുന്നു. ‘അവർ എന്നോട് അഞ്ച് ലക്ഷം രൂപയും ഒരു കാറും ആവശ്യപ്പെട്ടു. അത് കൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ അവർ എന്നെ മാർച്ച് 19ന് വീട്ടിൽ നിന്നും പുറത്താക്കി. അതിന് ശേഷം മാർച്ച് 25ന് ഭർത്താവ് തലാഖ് ചൊല്ലിയതായി അറിയിച്ച് നോട്ടീസ് അയക്കുകയായിരുന്നു.’ അവർ പറയുന്നു.

എം എം കശ്യപാണ് പരാതിക്കാരിക്കായി കോടതിയിൽ ഹാജരാകുന്നത്. തലാഖ് അറിയിപ്പ് റദ്ദാക്കണമെന്ന് താൻ കോടതിയോട് അപേക്ഷിച്ചതായി കശ്യപ് അറിയിച്ചു.

മുസ്ലിം സമുദായത്തിനിടയിൽ നിലവിലുള്ള ഒരു ആചാരമാണ് മുത്തലാഖ്. ‘തലാഖ്’ എന്ന വാക്ക് ഭർത്താവ് മൂന്ന് തവണ ചൊല്ലിയാൽ അത് വിവാഹ മോചനമായി കണക്കാക്കപ്പെടും. സ്ത്രീവിരുദ്ധവും എകപക്ഷീയവുമായ ആചാരം എന്ന പേരിൽ വിമർശനവിധേയമായിരിക്കുകയാണ് നിലവിൽ മുത്തലാഖ്.

11നെതിരെ 245 വോട്ടുകൾക്ക് കഴിഞ്ഞ ഡിസംബർ 27ന് ലോക്സഭയിൽ മുത്തലാഖ് ബിൽ പാസായിരുന്നു. ബിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു.

രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് ബിൽ പാസ്സാകാതിരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ 2019 ജനുവരിയിൽ ഓർഡിനൻസ് കൊണ്ടു വന്നിരുന്നു.

മുത്തലാഖ് എന്ന ആചാരം ബിൽ പ്രകാരം ക്രിമിനൽ കുറ്റമണ്. ഇത് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

മൂന്ന് തവണ തലാഖ് എന്ന് ചൊല്ലിയാൽ മുസ്ലിം പുരുഷന്മാർക്ക് വിവാഹമോചനത്തിലൂടെ സ്ത്രീകളെ ഒഴിവാക്കാൻ കഴിയുന്ന ആചാരം ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ ഓഗസ്റ്റ് മാസം സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടർന്നായിരുന്നു മുത്തലാഖ് ബിൽ പാർലമെന്റിൽ ചർച്ചക്ക് വിധേയമായത്.

2019 ഫെബ്രുവരിയിൽ മുത്തലാഖ് ഓർഡിനൻസ് കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ചിരുന്നു.

333 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close