തൃശൂര്‍: തൃശൂരില്‍ പുതുക്കാട് നിന്നും 300 പവന് സ്വര്‍ണ്ണം പിടികൂടി. രേഖകള്‍ ഒന്നും ഇല്ലാതെ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ചാവക്കാട് സ്വദേശി ശ്യാംലാല്‍ ആണ് സ്വര്‍ണവുമായി എക്സൈസിന്റെ പിടിയിലായത്. ബാഗില്‍ പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.
വയനാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ കെ.എസ്.ആര്.ടി.സി ബസ്സില്‍ നിന്നാണ് ശ്യാം ലാല്ലിനെ പിടികൂടിയത്. പുതുക്കാട് ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്.
തൃശൂരിലെ ജ്വല്ലറിയില്‍ കൊടുക്കാന്‍ വേണ്ടിയാണ് സ്വര്‍ണം കൊണ്ട് പോകുന്നതെന്ന് ഇയാള്‍ പറഞ്ഞതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ ആദ്യമായല്ല ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നത് എന്നാണ് അധികൃതരുടെ നിഗമനം. ഇയാളെ സ്വര്‍ണം ഏല്പ്പിച്ചവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.