കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം പാലം നിര്‍മ്മിച്ച കമ്പനി ഉടമയുടെ മൊഴി രേഖപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
നിര്‍മ്മാണത്തില്‍ ക്രമക്കേട് വന്നതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പണി നടത്തിയ ആര്‍ഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. നിര്‍മ്മാണത്തിലുണ്ടായ ക്രമക്കേട് സംബന്ധിച്ച് പരിശോധിച്ച ശേഷം അറിയിക്കാമെന്ന് ആര്‍ഡിഎസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ മൊഴിനല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പാലാക്കിയ റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലെയും മേല്‍നോട്ടം വഹിച്ച കിറ്റ്കോ കമ്പനിയിലെയും ഉദ്യോഗസ്ഥരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. നിര്‍മാണത്തിന് ഉപയോഗിച്ച സിമന്റ് ഉള്‍പ്പെടെ ഉള്ളവയുടെ അളവ് പരിശോധിക്കാനായി ശേഖരിച്ച സാംപിളുകള്‍ കാക്കനാട് റീജിയണല്‍ അനാലറ്റിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. ഇതിന്റെ ഫലം കൂടി ഉള്‍പ്പെടുത്തിയായിരിക്കും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.