മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പത്ത് വയസുകാരിയുടെ മരണം അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചാണെന്ന് സ്ഥിരീകരണം. അപൂര്‍വ്വമായി മാത്രം കാണുന്ന ഈ രോഗം പരത്തുന്നത് ഗ്ലേറിയ ഫൗലേരി എന്ന ഏകകോശജീവിയാണ്.
മലപ്പുറം അരിപ്ര സ്വദേശിയായ ഐശ്വര്യ ആണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വെള്ളത്തിലൂടെയാണ് രോഗാണു മനുഷ്യരിലേയ്ക്ക് പടരുന്നത്. പുഴകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും രോഗാണുവിന്റെ സാന്നിധ്യം ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. സക്കീന പറഞ്ഞു.
കുളിക്കുമ്പോഴോ നീന്തുമ്പോഴോ ആകും ഒരാളുടെ ശരീരത്തിനുള്ളില്‍ രോഗാണു പ്രവേശിക്കുക. മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്കത്തിലേയ്ക്ക് പ്രവേശിക്കും. തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഈ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരില്ലെന്നാണ് വിദഗ്ധാഭിപ്രായം.