ന്യൂ ഡല്‍ഹി: സ്വന്തം ഭാര്യയ സംരക്ഷിക്കാത്ത നരേന്ദ്ര മോദി എങ്ങനെ ഒരു രാജ്യത്തെ സംരക്ഷിക്കുമെന്ന ബിഎസ്പി നേതാവ് മായാവതിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രാമദാസ് അഠാവാലെ രംഗത്ത്. വിവാഹം കഴിക്കാത്ത മായാവതിക്കാണോ കുടുംബത്തെക്കുറിച്ച് അറിയുകയെന്ന് അദ്ദേഹം ചേദിച്ചു. കുടുംബം എങ്ങനെ നോക്കണമെന്നു മനസിലാകണമെങ്കില്‍ വിവാഹിതയാകണമെന്നും അദ്ദേഹം തിരിച്ചടിച്ചു.
വിവാഹം കഴിക്കാത്ത മായാവതിക്ക് കുടുംബത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും വിവാഹിതയായാല്‍ മാത്രമേ അത് മനസിലാകൂവെന്നും രാമദാസ് വ്യക്തമാക്കി. വിവാഹം കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവ്,കുടുംബം എന്നിവ എന്താണെന്ന് മനസിലാകുകയുള്ളൂ. എന്നാല്‍ ഇതൊന്നുമറിയാത്ത ആള്‍ക്കാരാണ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നതെന്നും രാമദാസ് പറഞ്ഞു.
സ്വന്തം ഭാര്യയെ സംരക്ഷിക്കാനാകാത്ത നരേന്ദ്ര മോദി എങ്ങനെ ഒരു രാജ്യത്തെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ മായാവതി ചോദിച്ചിരുന്നു. എന്നാല്‍ മായാവതിയെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും അങ്ങനെയുള്ള ഒരു വ്യക്തിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും രാമദാസ് അഠാവാലെ വ്യക്തമാക്കി.