തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ നിര്‍ത്തലാക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 10 ബസുകളും ഇന്നലെ രാത്രിയോടെ താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചു.
എറണാകുളത്തും തിരുവനന്തപുരത്തും 5 വീതം ഇലക്ട്രിക് ബസുകളാണ് നിലവില്‍ ഉണ്ടായിരുന്നത്. ഇതില്‍ തമ്പാനൂര്‍ ഡിപ്പോയില്‍ 2 ബസുകള്‍ നേരത്തേ കട്ടപ്പുറത്താണ്. പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതാണ് ഇലക്ട്രിക് ബസിന്റെ സര്‍വീസ് നിര്‍ത്തുന്നതിലേക്ക് എത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ഇന്നലെ എറണാകുളത്തു നിന്നും തിരുവനന്തപുരത്ത് എത്തിയ 3 ബസിലേയും ഡ്രൈവര്‍മാരോട് ബസ് ഡിപ്പോയിലിട്ടിട്ട് മടങ്ങിക്കോളാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സമാനമായി തിരുവനന്തപുരത്തു നിന്നും എറണാകുളത്തെത്തിയ 5 ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് ഇതേ നിര്‍ദ്ദേശമായിരുന്നു ലഭിച്ചത്.
എറണാകുളത്തെ ബസ് ചാര്‍ജിംഗ് സ്റ്റേഷന് തകരാറിലായതായും വിവരമുണ്ട്. ഇതേതുടര്‍ന്ന് ചാര്‍ജ് ചെയ്യാന്‍ ആലുവ വരെ പോകേണ്ടി വരുന്നത് പ്രായോഗികമല്ലാത്തതും സര്‍വീസ് നിര്‍ത്തുന്നതിന് കാരണമായി.