India

വാരാണസിയില്‍ റെക്കോര്‍ഡിടാന്‍ മോദിയും ബിജെപിയും; പ്രചാരണവുമായി പ്രമുഖര്‍ രംഗത്ത്

വാരാണസി: പുണ്യഭൂമിയെന്ന് വിശേഷണം നേടിയ ഉത്തര്‍പ്രദേശിലെ വാരാണസിയിലേക്കാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ പറയുന്നത് അവര്‍ വോട്ട് ചെയ്യുന്നത് ഒരു എംപിക്ക് വേണ്ടിയല്ല, മറിച്ച് ഒരു പ്രധാനമന്ത്രിക്ക് വേണ്ടിയാണെന്നാണ്. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മോദിക്കെതിരായ മത്സരത്തില്‍ നിന്ന് പിന്മാറിയതിനു കാരണവും മറ്റൊന്നല്ല.

വാരാണസി മണ്ഡലത്തിലെ പൊതുവികാരം മോദിക്ക് അനുകൂലമാണ്. വാരാണസിയിലെ ജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താന്‍ മോദി ശ്രദ്ധിക്കാറുണ്ട്. ഇത്തവണയും ബിജെപിയും നരേന്ദ്ര മോദിയും ഇവിടെ ലക്ഷ്യമിടുന്നത് കേവലമൊരു വിജയമല്ല, മറിച്ച് റെക്കോര്‍ഡ് ഭൂരിപക്ഷമാണ്. 2014-ല്‍ 3,71,785 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെ മോദി വിജയിച്ചു കയറുന്ന കാഴ്ച നോക്കി നില്‍ക്കാനേ എതിരാളികള്‍ക്ക് കഴിഞ്ഞുള്ളൂവെങ്കില്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിടാനാണ് ബിജെപി കച്ച മുറുക്കുന്നത്.

മെയ് 13 മുതല്‍ റെയില്‍ വേ മന്ത്രിയായ പീയുഷ് ഗോയല്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗിനും വൈദ്യുതി മന്ത്രി ശ്രീകാന്ത് ശര്‍മ്മക്കുമൊപ്പം വാരാണസിയില്‍ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മോദിയുടെ പ്രചാരണത്തിനു വേണ്ടി സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ 4 മണിക്കൂര്‍ നീണ്ടുനിന്ന സ്‌കൂട്ടര്‍ റാലിയും ശ്രദ്ധേയമായിരുന്നു. ഇന്നലെ വാര്‍ത്താ വിക്ഷേപണ മന്ത്രിയായ രാജ്യവര്‍ദ്ധന്‍ സിംഗ് രാഥോര്‍ വാരാണസിയിലെ വീടുകള്‍ സന്ദര്‍ശിച്ച് നരേന്ദ്ര മോദിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തിയിരുന്നു.

5,81,023 വോട്ടുകളാണ് 2014-ല്‍ മോദിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആംആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കേജരിവാളിന് ലഭിച്ചത് വെറും 2,09,238 വോട്ടുകളായിരുന്നു. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് റായിക്ക് 75,614 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണയും അജയ് റായിയാണ് വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയുമെല്ലാം ചിത്രത്തില്‍ നിന്ന് ഇതിനോടകം മാഞ്ഞുപോയിരിക്കുന്നു. നരേന്ദ്ര മോദിക്ക് എത്ര വോട്ട്, എത്രയാണ് ഭൂരിപക്ഷം എന്ന നിലയിലേക്ക് ഏകപക്ഷീയമായി മത്സരം മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ മെയ് 19-നാണ് വാരാണസിയില്‍ പോളിംഗ്. മെയ് 23-നാണ് ഫലപ്രഖ്യാപനം.

2K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close