പുല്‍വാമ: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 2.10-ന് അവന്തിപോരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പുല്‍വാമയിലെ പന്‍സാമില്‍ ഭീകരരേക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും ശക്തമായി തിരിച്ചടിച്ചു.
ഏറ്റുമുട്ടലിന് ശേഷം പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.വിവിധ സേനാവിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്. കൂടുതല്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ഷോപ്പിയാനിലും ദലിപ്പോരയിലും നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ 6 ഭീകരരെ സൈന്യം വധിച്ചിരുന്നു.