രാജ്കോട്ട്: ആഹാരമില്ലാതെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഗുജറാത്തിലെ ശ്രീ ബോല്ബാല എന്ന സന്നദ്ധ സംഘടന. പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ‘റൊട്ടി ബാങ്ക്’ എന്ന സംഘടനയുടെ ആശയത്തിന് വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.
നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് ‘റൊട്ടി ബാങ്ക്’ പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍ നിര്‍മ്മിക്കുന്ന റൊട്ടികള്‍ ശേഖരിച്ചാണ് വിതരണം ചെയ്യുന്നത്. വിശക്കുന്നവര്‍ക്ക് മാത്രമല്ല സംഘടനയുടെ സഹായം ലഭിക്കുന്നത്. മറിച്ച്, ആശുപത്രിയിലുളള രോഗികള്‍ക്കും ഇവര്‍ റൊട്ടികള്‍ വിതരണം ചെയ്യുന്നുണ്ട്.
‘റൊട്ടി ബാങ്കിന്റെ പ്രവര്‍ത്തനത്തിനായി 1000 വീടുകളില്‍ നിന്നാണ് റൊട്ടികള്‍ ശേഖരിക്കുന്നത്. എല്ലാ മണിക്കൂറിലും റൊട്ടി ശേഖരണം നടക്കുന്നു. ഓരോ വീട്ടില്‍ നിന്നും രണ്ട് റൊട്ടികള്‍ വീതമാണ് ശേഖരിക്കുന്നത്. സന്നദ്ധരായി മുന്നോട്ടു വന്നവരാണ് നേരിട്ട് വിടുകളിലെത്തി സംഘടനയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്’. ശ്രീ ബോല്ബാല സംഘടനയുടെ മേല്‍നോട്ട ചുമതലയുള്ള ജയേഷ് ഉപാദ്ധ്യായ് പറഞ്ഞു.
വിശക്കുന്ന വയറുമായി ഒരാളും കിടക്കാന്‍ പോവരുതെന്നും ഇതാണ് തങ്ങളുടെ ലക്ഷ്യമെന്നും സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. രാജ്കോട്ടിനു പുറമേ മഹാരാഷ്ട്രയിലെ ഔറംഗാബാദിലും ഇത്തരത്തില്‍ ‘റൊട്ടി ബാങ്കു’കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.