ചെന്നൈ: കേരളത്തിലെത്തി ട്രെയിനുകളുടെ എസി കോച്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി മലേഷ്യയിലേക്ക് കടക്കുന്നയാളെ റെയില്‍വേ പോലീസ് അതിവിദഗ്ധമായി പിടികൂടി. 4 വര്‍ഷമായി റെയില്‍വേ പോലീസിന്റെ ഉറക്കം കെടുത്തിയ തൃശ്ശൂര്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് എന്നയാളാണ് മേട്ടുപ്പാളയത്തു വെച്ച് പിടിയിലായത്. മലേഷ്യയില്‍ ഭാര്യയോടൊപ്പം ഇയാള്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തിവരികയായിരുന്നു.
കേരള-തമിഴിനാട് ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച വസ്തുക്കള്‍ തൃശ്ശൂരിലും മുംബൈയിലുമായാണ് വിറ്റിരുന്നത്. ഇങ്ങനെ ലഭിക്കുന്ന പണവുമായി മലേഷ്യയിലേക്ക് കടക്കുന്ന ഇയാള്‍ക്ക് അവിടെ സ്വന്തമായി ഹോട്ടലുണ്ട്. ഈ ഹോട്ടലിന്റെ നടത്തിപ്പിന് ആവശ്യമുളള പണം മോഷണത്തിലൂടെയാണ് ഹമീദ് കണ്ടെത്തിയിരുന്നത്.
യാത്രക്കാരില്‍ നിന്ന് സ്ഥിരമായി പരാതി ലഭിച്ചു തുടങ്ങിയപ്പോഴാണ് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനായി പ്രത്യേക സംഘവും രൂപീകരിച്ചിരുന്നു. തുടര്‍ന്ന് മേട്ടുപ്പാളയത്തു നിന്നുള്ള ബ്ലൂ മൗണ്ടെയ്ന് എക്സ്പ്രസില്‍ മഫ്തിയില്‍ യാത്ര ചെയ്ത അന്വേഷണ സംഘം മോഷണ ശ്രമത്തിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
രാത്രി 2 മണിക്കും 4 മണിക്കും ഇടയിലാണ് ഹമീദ് മോഷണം നടത്തിയിരുന്നതെന്നും നെതര്‍ലന്‍ഡില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രി നേടിയ ഇയാള്‍ക്ക് സ്പാനിഷും ഫ്രഞ്ചുമുള്പ്പടെ 6 ഭാഷകള്‍ അറിയാമെന്നും അന്വേഷണ സംഘം അറിയിച്ചു.