UAE

കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി യൂറോപ്പിൽ

ലണ്ടനിലെ   മോണ്ട് കാം ലണ്ടൻ റോയൽ ഹൗസ് -ൽ നടന്ന  പ്രൗഢഗംഭീരമായ ചടങ്ങിൽ  കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കെ എസ് എഫ് ഇ  പ്രവാസി ചിട്ടി  യൂറോപ്പിലെ മലയാളി സമൂഹത്തിനു തുറന്നു നൽകി. 2019 മെയ് 17 വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 3 മണിക്ക് ധനകാര്യ മന്ത്രി  ടി എം  തോമസ് ഐസക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനച്ചടങ്ങിൽ കിഫ്‌ബി സി ഇ ഓ  കെ എം എബ്രഹാം, കെ എസ് എഫ് ഇ  ചെയർമാൻ  പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ  A. പുരുഷോത്തമൻ, ഇംഗ്ലണ്ടിലെ വിവിധമേഖലകളിലെ മലയാളികൾ, മലയാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രവാസികളായ ഓരോ മലയാളിയും പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിലൂടെ നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തങ്ങൾ ഓരോരുത്തരുടെയും പങ്കാളിത്തവും ഊട്ടിഉറപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

രജിസ്ട്രേഷൻ ആരംഭിച്ച് ഉടനെതന്നെ  UK, ഫ്രാൻസ്, സ്പെയിൻ, നോർവേ, നെതർലൻഡ്, ജർമ്മനി, അയർലൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്ന് നിരവധിപേർ രജിസ്ട്രേഷനും, KYC ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിക്കഴിഞ്ഞു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് Passport / OCI card / PIO, Residence ID എന്നിവ ഉപയോഗിക്കാവുന്നതാണ്. കെ എസ് എഫ് ഇ  പ്രവാസി ചിട്ടിയുടെ പ്രചരണാർത്ഥം മെയ് 18, 19 തീയതികളിൽ Worcester, Bournemouth, Dublin എന്നിവിടങ്ങളിലും മലയാളി കൂട്ടായ്മകൾ  സംഘടിപ്പിക്കുന്നുണ്ട്. ധനകാര്യമന്ത്രി Dr. T.M. തോമസ് ഐസക്  ഈ മൂന്നിടങ്ങളിലും  മലയാളികളുമായി  സംവദിക്കും.

ഇതാദ്യമായി ആണ് പ്രവാസി ചിട്ടി ഇത്രയധികം രാജ്യങ്ങളിലേക്ക് ഒരുമിച്ച് ആരംഭിക്കുന്നത്. 2018 നവംബർ 23ന്  ലേലനടപടികൾ  തുടങ്ങിയ  പ്രവാസി ചിട്ടി 2019 ഏപ്രിലോടുകൂടി എല്ലാ ജിസിസി രാജ്യങ്ങളിലേക്കും  വ്യാപിപ്പിച്ചിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ലോകമാകമാനമുള്ള മലയാളികൾക്ക് പ്രവാസി ചിട്ടിയിൽ ചേരുവാൻ കഴിയും. നാളിതുവരെ  27000ൽ പരം പേർ  പ്രവാസി ചിട്ടിയിൽ ചേരുന്നതിനു രജിസ്റ്റർ ചെയ്തുകഴിഞ്ഞു.  ഓൺലൈൻ ലേലം, ചിട്ടി പ്രൈസ് മണി  പെയ്മെൻറ്  എന്നിവ വളരെ സുഗമമായി  നടന്നുവരുന്നു.

പ്രവാസികൾക്ക് 10ലക്ഷം വരെയുള്ള ചിട്ടി ബാദ്ധ്യതയ്കക്ക് സൗജന്യ ഇൻഷുറൻസ്  പരിരക്ഷ, പൂർണ്ണമായും  ഓൺലൈനിൽ ഉള്ള പ്രവർത്തനം, 24 മണിക്കൂറും പ്രവർത്തനസജ്ജമായ  കോൾ സെൻറർ എന്നിവ പ്രവാസിചിട്ടിയെ വ്യത്യസ്തമാക്കുന്നു. ചിട്ടിയിലൂടെ സമാഹരിക്കുന്ന തുക  കിഫ്ബി വഴി  കേരളത്തിന്റെ വികസനപ്രവർത്തനങ്ങളിൽ വിനിയോഗിക്കാനും കഴിയുന്നു. ഏതു വികസനപദ്ധതിക്ക് ആണ് തങ്ങളുടെ തുക വിനിയോഗിക്കേണ്ടത് എന്ന് ചിട്ടിയിൽ ചേരുമ്പോൾ തന്നെ വരിക്കാരന്  തെരഞ്ഞെടുക്കാൻ കഴിയും. നിലവിൽ ഏറ്റവും കൂടുതൽ വരിക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്  തീരദേശ ഹൈവേ ആണ് തൊട്ടുപിന്നിലായി ഹൈടെക് സ്കൂളുകൾ, ആശുപത്രികളുടെ നവീകരണം,  ഐ ടി പാർക്കുകൾ എന്നിവയുമുണ്ട്.

ചിട്ടിയിൽ ചേരുന്നതിനു  പ്രവാസികൾക്ക്  ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളുടെ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്  UPI എന്നിവയും പ്രവാസി രാജ്യങ്ങളിലെ ബാങ്കുകളുടെ ഇൻറർനാഷണൽ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാവുന്നതാണ്. വെബ്സൈറ്റ് വഴിയും ആൻഡ്രോയ്ഡ്/ ഐഫോൺ മൊബൈൽ ആപ്പ് വഴിയും  വരിക്കാർക്ക്  ചിട്ടികളുടെ  ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.  നിക്ഷേപമായി ചിട്ടിയെ കണക്കാക്കുന്ന വരിക്കാർക്ക് വിളിച്ചെടുക്കുന്ന   ചിട്ടി തുക ചിട്ടി കാലാവധി കഴിയുന്നതുവരെ ഉയർന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളാക്കാവുന്നതും  കാലാവധി  കഴിയുമ്പോൾ തങ്ങളുടെ പേരിലുള്ള ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്നതുമാണ്. പണത്തിന് അത്യാവശ്യമുള്ള വരിക്കാർക്ക് ചിട്ടി തുക ഇനി അടക്കുവാനുള്ള ഉള്ള തവണകൾക്ക് (മേൽ ബാധ്യതയ്ക്ക് ) ജാമ്യം നൽകി ഇന്ത്യയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈപ്പറ്റാവുന്നതാണ്. വരിക്കാർക്ക് നേരിട്ടല്ലാതെ തന്നെ കേരളത്തിലെ ഏത് കെ എസ് എഫ് ഇ ബ്രാഞ്ചിലും ജാമ്യ രേഖകൾ സമർപ്പിക്കുവാനും ജാമ്യത്തിനുമേലുള്ള നടപടിക്രമങ്ങളുടെ പുരോഗതി ഓൺലൈനായി  തൽസമയം നിരീക്ഷിക്കുവാനും കഴിയും.

0 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close