ജൊഹന്നാസ്ബര്‍ഗ്: ലോകത്താകമാനമുള്ള ബോഡി ബില്‍ഡിംഗ് ആരാധകരുടേയും ഹോളിവുഡ് ആക്ഷന്‍ സിനിമാ പ്രേമികളുടേയും ആരാദ്ധ്യപുരുഷനായിരുന്ന അര്നോല്ള്ഡ് ഷ്വാര്സ്നഗറിനു നേരെ ആക്രമണം. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അര്‍നോള്‍ഡ് ക്ലാസിക് ആഫ്രിക്ക സ്പോര്‍ട്ടിംഗ് ഇവന്റിനിടെ ആരാധകരുമായി സംവദിക്കുമ്പോഴാണ് 72-കാരനായ അര്‍നോള്‍ഡിനു നേരെ ആക്രമണമുണ്ടായത്.
പരിപാടിക്കിടെ ഒരാള്‍ അദ്ദേഹത്തെ പിന്നില്‍ നിന്നും ആഞ്ഞു തൊഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തൊഴിയേറ്റതിനാല് അര്‍നോള്‍ഡ് അല്‍പ്പം മുന്നോട്ടാഞ്ഞു. എന്നാല്‍ അക്രമി തറയില്‍ വീണു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇയാളെ കീഴ്പ്പെടുത്തുകയും സ്ഥലത്തു നിന്നും ഉടന്‍ തന്നെ മാറ്റുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പോലീസിനു കൈമാറി.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ പേടിക്കാനൊന്നുമില്ലെന്നും തനിക്ക് പരിക്കേറ്റിട്ടില്ലെന്നും ആര്‍നോള്‍ഡ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചതിനൊപ്പം എല്ലാവര്ക്കും നന്ദി പറയുകയും ചെയ്തു. താന്‍ ആദ്യം വിചാരിച്ചത് ആളുകളുടെ തിരക്കിനിടയില്‍ സംഭവിച്ചതാണെന്നാണെന്നും എന്നാല്‍ വീഡിയോ കണ്ടപ്പോഴാണ് സംഭവം മനസിലായതെന്നും പരിപാടി അലങ്കോലമാകാത്തതില് സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മുന്‍ കാലിഫോര്‍ണ്ണിയ ഗവര്‍ണ്ണറായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിസ്റ്റര്‍ ഒളിംപ്യയായി 7 തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മിസ്റ്റര്‍ യൂണിവേഴ്സായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.