ചെർപ്പുളശ്ശേരി ; ഫൈബർ കൊമ്പ് വച്ച് പിടിയാനയെ കൊമ്പനാക്കി പൂരത്തിനു എഴുന്നള്ളിച്ച കമ്മിറ്റിയ്ക്ക് വിലക്ക് . തൂതപ്പൂരത്തിന്റെ എ വിഭാഗം എഴുന്നള്ളിപ്പിനാണ് ലക്കിടി ഇന്ദിരയെന്ന പിടിയാനയെ കൊമ്പനാക്കി കോലമേന്തിച്ചത് . അമ്പലവട്ടം പൂരകമ്മിറ്റിയെയാണ് ഇതിന്റെ പേരിൽ അടുത്ത പൂരത്തിൽ നിന്ന് വിലക്കിയത് . അടുത്ത വർഷം വൈകിട്ടുള്ള കൂടിക്കാഴ്ച്ച എഴുന്നള്ളിപ്പിൽ അമ്പലവട്ടത്തെ പങ്കെടുപ്പിക്കില്ല .രാവിലെ നടക്കുന്ന വഴിപാടു പൂരത്തിൽ പങ്കെടുക്കാം .
ചൊവ്വാഴ്ച്ച നടന്ന തൂതപ്പൂരത്തിനു എ ബി വിഭാഗം എഴുന്നള്ളിപ്പുകളിലായി അണിനിരന്നത് 15 ആനകളാണ് . കരാർ ഏറ്റെടുത്ത വ്യക്തി എത്തിച്ച ആനകളിലൊന്നാണ് ലക്കിടി ഇന്ദിര . എണ്ണം തികയ്ക്കാനാണ് ഇതിനെ കൊമ്പ് ഘടിപ്പിച്ച് കൊമ്പനാനയാക്കി ഇറക്കിയത് .
കഴിഞ്ഞ ദിവസം നടന്ന ആഘോഷകമ്മിറ്റി അവലോകനയോഗത്തിൽ പിടിയാനയെ എഴുന്നള്ളിച്ച സംഭവം ചർച്ചാ വിഷയമായിരുന്നു . പിടിയാനകളെ എഴുന്നള്ളിപ്പിക്കരുതെന്ന് നിബന്ധന ഉള്ളപ്പോഴായിരുന്നു ഈ നടപടി .