തിരുവനന്തപുരം: സിസ്റ്റം അനലിസ്റ്റ് തസ്തികയിലേക്ക് ഈ മാസം 25-ന് നടക്കാനിരിക്കുന്ന പിഎസ്സി പരീക്ഷ വിവാദമാകുന്നു. രണ്ട് സിഡിറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ഇതേ പരീക്ഷ എഴുതുന്നതുമായി ബന്ധപ്പെട്ട് ഒഎംആര്‍ രീതിയില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ ഓണ്‍ലൈനാക്കി മാറ്റിയെന്ന ആരോപണമാണ് ശക്തമാകുന്നത്.
വിഷയത്തെ സംബന്ധിച്ച് പിഎസ്സി ചെയര്‍മാനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കാര്യം അറിയാവുന്നതുകൊണ്ടാണ് മുന്‍ പരീക്ഷാ കണ്ട്രോളര് സിസ്റ്റം അനലിസ്റ്റ് പരീക്ഷ ഒഎംആര്‍ രീതിയിലാക്കിയത്. എന്നാല്‍ ഈ പരീക്ഷ 2 പേര്‍ക്കു വേണ്ടി വീണ്ടും ഓണ്‍ലൈനാക്കി മാറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. ഒരു പിഎസ്സി അംഗമാണ് ഇതിനു പിന്നിലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
സിഡിറ്റില്‍ ചുമതലയുള്ള 2 പേര്‍ക്കും പരീക്ഷ നടക്കുന്ന സമയത്ത് ഡാറ്റ നിയന്ത്രിക്കാന്‍ സാധിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വകുപ്പുതല പരീക്ഷയില്‍ പിശകു സംഭവിച്ചപ്പോള്‍ ഇവരെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഈ മാസം 25-നാണ് സിസ്റ്റം അനലിസ്റ്റ് പരീക്ഷ നടക്കുക. പരീക്ഷാ രീതി മാറ്റിയത് വിവാദമാകാതിരിക്കാന്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈ മാസം 22-ന് നടക്കാനിരിക്കുന്ന പരീക്ഷയും ഒഎംആറില്‍ നിന്ന് ഓണ്‍ലൈനാക്കി മാറ്റിയിട്ടുണ്ട്.