സംഘർഷ സാദ്ധ്യത തുടരുന്ന സാഹചര്യത്തിൽ ഇറാൻ,ഇറാഖ് എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് ബഹ്റിന്റെ മുന്നറിയിപ്പ് . നിലവിൽ ഇവിടെയുള്ളവർ മടങ്ങണമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു .അതേ സമയം പേർഷ്യൻ ഗൾഫ് മേഖലയിലൂടെ പോകുന്ന യാത്രാവിമാനങ്ങൾക്ക് അമേരിക്ക മുന്നറിയിപ്പ് നൽകി .
നിലവിലെ സാഹചര്യം അപകടം നിറഞ്ഞതാണെന്നും അതിനാലാണ് മുന്നറിയിപ്പ് നൽകുന്നതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി . ഇറാഖിലെ ബാഗ്ദാദിലെ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരെ യു.എസ് തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് ബഹ്റിന്റെ മുന്നറിയിപ്പ് .
പേർഷ്യൻ ഗൾഫ് മേഖലയിലൂടെ യാത്ര ചെയ്യുന്ന വിമാനങ്ങൾക്കു യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് മുന്നറിയിപ്പ് നൽകിയത് .അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെന്റ് അടിയന്തിരയോഗം ചേർന്നു.മേഖലയിലെ സാഹചര്യം കണക്കിലെടുത്തു മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തേയും നേരിടാൻ തയ്യാറാണെന്നും സ്പീക്കർ മൻസൂഖ് അൽ ഗാനിം വ്യക്തമാക്കി.