കാസര്‍കോട്: കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ റീപോളിങ് നടന്ന നാലു ബൂത്തുകളിലും പോളിംഗ് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തി. പോളിംഗ് ശതമാനത്തില്‍ 2 മുതല്‍ 8% വരെ കുറവാണ് വിവിധ ബൂത്തുകളില്‍ രേഖപ്പെടുത്തിയത്.
കനത്ത സുരക്ഷയിലാണ് കാസര്‍കോട് മണ്ഡലത്തിലെ 4 ബൂത്തുകളിലും റീ പോളിങ്ങ് നടന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തായ കൂളിയാട് സ്കൂള്‍, കല്യാശ്ശേരിയിലെ 19,69,70 ബൂത്തുകളിലായിരുന്നു റീ പോളിങ്.
പിലാത്തറയിലെ 19-ാം നമ്പര്‍ ബൂത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 5% വോട്ടിന്റെ കുറവുണ്ടായി. പുതിയങ്ങാടിയിലെ 69,70 ബൂത്തുകളില്‍ യഥാക്രമം 2, 8% വരെ വോട്ടുകള്‍ കുറഞ്ഞു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തിലും പോളിങ് ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. രാവിലെ തന്നെ എല്ലാ ബൂത്തുകളിലും എല്ലാ മുന്നണികളിലേയും സ്ഥാനാര്‍ത്ഥികള്‍ പര്യടനത്തിനെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയും പോലീസിന്റെ കര്‍ശന സുരക്ഷയും പോളിംഗ് സുഗമമാക്കി. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ എല്ലാ കേന്ദ്രങ്ങളിലും തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
റീപോളിങ് പൂര്‍ത്തിയായതോടെ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. എന്നാല്‍ പോളിംഗ് ആരെ തുണയ്ക്കുമെന്നറിയാന്‍ 23 വരെ കാത്തിരിക്കണം.