ജയ്പൂര്‍: 1998ലെ മാന്‍വേട്ട കേസില്‍ സെയ്ഫ് അലി ഖാന്, സൊണാലി ബേന്ദ്ര, തബു, നീലം എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ബോളിവുഡ് താരം സല്മാന് ഖാന് മുഖ്യ പ്രതിയായ ഈ കേസിലെ കൂട്ടുപ്രതികളാണിവര്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സല്മാന് ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി മറ്റ് താരങ്ങളെ കുറ്റ വിമുക്തരാക്കിയിരുന്നു. ഇതിനെതിരെ രാജസ്ഥാന് സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
നിലവില്‍ ജാമ്യത്തിലുള്ള സല്മാന് ഖാന്റെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ച് മാന്‍വേട്ട നടത്തുകയായിരുന്നു. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്. നാട്ടുകാര്‍ കൂട്ടമായെത്തി ഇവരെ തടഞ്ഞുവെങ്കിലും അന്ന് താരങ്ങള്‍ രക്ഷപെട്ടു. പിന്നീട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.