ന്യൂഡല്‍ഹി: യമുന നദിയിലേക്ക് മലിനജലം ഒഴുക്കി വിടുന്നത് തടയാന്‍ വിജലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നദിയിലേക്ക് മലിനജലം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഡല്‍ഹി ജല ബോര്‍ഡിനോട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. യമുനയുടെ തീരങ്ങളില്‍ നടത്തിയ പരിശോധനയില്‍ പല സ്ഥലങ്ങളിലും വ്യാപകമായ രീതിയില്‍ മലിനജലം തള്ളുന്നതായി കണ്ടെത്തിയിരുന്നു. പലയിടത്തും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളുണ്ട്. ഇവിടങ്ങളില്‍ നിന്നുള്ള ചീത്ത വെള്ളമെല്ലാം യമുനയിലേക്കാണ് ഒഴുകിയെത്തുന്നത്. അഴുക്കുചാലുകള്‍ വഴിയാണ് വെള്ളം നദിയിലേക്ക് എത്തുന്നത്.
മലിനീകരണ സംസ്കരണ പ്ലാന്റുകളില്‍ ശുദ്ധീകരിക്കാതെ ഇത്തരത്തില്‍ യമുനയിലേക്ക് വെള്ളം ഒഴുക്കുന്നത് ഗുരുതരമായ ജല മലിനീകരണത്തിന് കാരണമാകുന്നുണ്ട്. ആളുകള്‍ക്ക് ഉപയോഗിക്കാനാകാത്ത വിധം മലിനമാണിത്. ഇതിന് പുറമെ സെപ്റ്റിക് ടാങ്കുകളില്‍ നിന്നുള്ള മാലിന്യം ലോറികളില്‍ കൊണ്ടുവന്ന് നേരിട്ട് യമുനയില്‍ തള്ളുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഗുരുതരമായ അച്ചടക്ക ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഡല്‍ഹി ജല ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യമുനയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള ആക്ഷന്‍ പ്ലാന്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.