ന്യൂഡല്‍ഹി: നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ചെന്നൈയില്‍ നിന്നുള്ള ഒരു സംഘം നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇഷ്ടമുള്ള സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കൂ എന്ന് കോടതി പറഞ്ഞു. വിവിപാറ്റുകള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട് ഹര്‍ജ്ജിക്കാര്‍ കോടതിയെ ബുദ്ധിമുട്ടിക്കുകയാണെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു.
അന്‍പതു ശതമാനം വിവിപാറ്റ് എണ്ണണമെന്നാവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്. നിയമസഭാ മണ്ഡലത്തിലെ 5 വിവിപാറ്റിലെ രസീതുകള്‍ എണ്ണാം എന്നായിരുന്നു കോടതി ഉത്തരവ്. പുനപരിശോധന ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഈ ആവശ്യമുന്നയിച്ച് ചന്ദ്രബാബു നായിഡു സമരം ചെയ്യുന്നത്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനിടയാണ് പ്രതിപക്ഷം കമ്മിഷന് മുന്നില്‍ പ്രത്യക്ഷ സമരം നടത്തുന്നത്. എക്സിറ്റ് പോള്‍ ഫലം പോലെതന്നെ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ റീ പോളിങ്ങ് ആവശ്യപ്പെടുമെന്നും എഎപി അറിയിച്ചു.