ന്യൂ ഡല്‍ഹി: വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിനു പിന്നാലെ പ്രതിപക്ഷ സഖ്യത്തില്‍ വിള്ളല്‍ വീഴുന്നതായി സൂചന. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിളിച്ച യോഗത്തോട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഡല്‍ഹി യാത്ര ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തി വരുന്ന ശ്രമങ്ങളും ഏറെക്കുറേ വിഫലമാകുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച്ചയില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെ ബിഎസ്പി അദ്ധ്യക്ഷ മായാവതിയും ഡല്‍ഹി യാത്ര റദ്ദാക്കിയിരുന്നു.
എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ചെങ്കിലും ജഗന് മോഹന്‍ റെഡ്ഢി ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ തീരുമാനം എടുക്കുകയുള്ളൂ എന്ന നിലപാടിലാണ് പാര്‍ട്ടി. ഒഡീഷയിലും സ്ഥിതി വ്യത്യസ്തമല്ല. ഒഡീഷയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുന്നവരെ കേന്ദ്രത്തില്‍ പിന്തുണക്കുമെന്ന നിലപാടാണ് എക്സിറ്റ് പോള്‍ വന്നതിനു ശേഷം ബിജെഡി സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.