ന്യൂ ഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ഡല്‍ഹിയിലുള്‍പ്പടെ ആഘോഷ പരിപാടികള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 2014-ല്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ ഉത്തര്‍പ്രദേശ് വഹിച്ച പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു. 80-ല്‍ 73 സീറ്റുകളാണ് അന്ന് എന്‍ഡിഎ സ്വന്തമാക്കിയിരുന്നത്. ഇത്തവണ ഉത്തര്‍പ്രദേശിന് പുറമേ പശ്ചിമ ബംഗാളും ഒഡീഷയും ബിജെപിയുടെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്.
ഇത്തവണ തെരഞ്ഞെടുപ്പില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ വലിയ തോതില്‍ രാജ്യത്ത് ചര്‍ച്ചയായിരുന്നു. പ്രചാരണ സമയങ്ങളില്‍ വലിയ തോതില്‍ സംഘര്‍ഷങ്ങള്‍ നടന്നതും തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെട്ട് പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചതും നാടകീയ രംഗങ്ങളായിരുന്നു.
42 സീറ്റുകളുള്ള ബംഗാളില്‍ തുടക്കം മുതലേ പോരാട്ടം തൃണമൂലും ബിജെപിയും തമ്മില്‍ മാത്രമാണെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍. 2014-ല്‍ ബിജെപിക്ക് 2 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ തൃണമൂലിന്റെ കോട്ടകള്‍ പലതും തകര്‍ന്നു വീഴുമെന്നാണ് പ്രവചനം. ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോളില്‍ 19 മുതല്‍ 23 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നു. ടൈംസ് നൗ-വി.എം.ആര്, റിപ്പബ്ലിക് ടിവി-സീവോട്ടര്‍ സര്‍വേകളില്‍ ബിജെപിക്ക് 11 സീറ്റുകള്‍ ലഭിക്കുമെന്നും എബിപി-നീല്‍സണ്‍ 16 സീറ്റുകളും പ്രവചിച്ചു. ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം സര്‍വേകളും കണ്ടെത്തിയത്.
ഒഡീഷയാണ് ഇത്തവണ ബിജെപിക്ക് മേല്‍ക്കൈ നേടിക്കൊടുക്കുമെന്ന് പറയപ്പെടുന്ന മറ്റൊരു സംസ്ഥാനം. 2014-ല്‍ ആകെയുള്ള 21 സീറ്റുകളില്‍ 20 സീറ്റുകളും ബിജെഡി നേടിയപ്പോള്‍ ബിജെപിക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ബിജെപിക്ക് 15 മുതല്‍ 19 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ഇന്ത്യാ ടുഡേയുടെ സര്‍വേയില്‍ കണ്ടെത്തിയത്. ന്യൂസ് 24-ടുഡേയ്സ് ചാണക്യ 11-17 സീറ്റുകളും പ്രവചിച്ചു. എബിപി നീല്‍സണും ടൈംസ് നൗ-വിഎംആറും ബിജെഡി 12 സീറ്റിലേക്ക് ചുരുങ്ങുമെന്നും പറുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റാണ് പരമാവധി ലഭിക്കുകയെന്നാണ് വിവിധ സര്‍വേകളില്‍ കണ്ടെത്തിയത്.
കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തുന്നതിനൊപ്പം പശ്ചിമ ബംഗാളും ഒഡീഷയും പിടിച്ചെടുക്കാനായാല്‍ അത് പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്കുന്ന ആവേശം കുറച്ചൊന്നുമാവില്ല. എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് മെയ് 23-ന് ഫലം പുറത്തു വരാന്‍ ഇനി വെറും രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം.