സത്യമപ്രിയം

ഒന്നിച്ചു ചേരാം പുതിയ ഭാരതത്തിനായി

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച (2019 മെയ് 19) പൂര്‍ത്തിയായ ദിവസം തന്നെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും വന്നു. എക്‌സിറ്റ്‌പോളില്‍ പോള്‍ നടത്തിയ 12 സ്ഥാപനങ്ങളില്‍ പത്തെണ്ണവും വന്‍ ഭൂരിപക്ഷത്തോടെ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം അധികാരത്തില്‍ എത്തുമെന്ന് പ്രവചിച്ചു. മുന്നൂറിലേറെ സീറ്റുകള്‍ നേടുമെന്ന് ആറ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചു.

എക്‌സിറ്റ്‌പോളുകളുടെ ഫലം കണ്ട് നിരാശരാകരുത് എന്നും ജാഗ്രതയോടെ ഇരിക്കാനും പ്രിയങ്കാഗാന്ധി ആഹ്വാനം ചെയ്‌തെങ്കിലും കോണ്‍ഗ്രസ്-യു പി എ ക്യാമ്പുകളില്‍ ആശങ്കയുടെ കരിനിഴല്‍ പടര്‍ന്നിരിക്കുകയാണ്. അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പു തന്നെ യു പി എ അദ്ധ്യക്ഷ സോണിയാഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം ചൊവ്വാഴ്ച വിളിച്ചിരുന്നതാണ്. യോഗത്തിനോടൊപ്പം നേതാക്കള്‍ക്കായി വിരുന്നും ഏര്‍പ്പാട് ചെയ്തിരുന്നു. മഹാസഖ്യത്തിന്റെ അവിഭാജ്യഘടകമായ മായാവതിയാണ് ആദ്യം ഈ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കര്‍ണ്ണാടകത്തിലെ ഘടകകക്ഷിയായ ജനതാദള്‍ എസ്സും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. യു പി എയുടെ ആസന്നമായ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുകയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുകയും ചെയ്ത രാഹുല്‍ഗാന്ധി പതിവുപോലെ  പ്രതികരിച്ചിട്ടില്ല.

വോട്ടിംഗ് യന്ത്രത്തിനെതിരെ പതിവുപോലെ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. മണ്ടന്മാരായ ചില രാഷ്ട്രീയക്കാരും ചിന്താശക്തി നഷ്ടപ്പെട്ട ചില പത്രപ്രവര്‍ത്തകരും എക്‌സിറ്റ്‌പോള്‍ ഫലം തന്നെ വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയാണ് എന്നാണ് ആരോപണം ഉന്നയിച്ചത്. വോട്ടിംഗ് യന്ത്രം വോട്ട് രേഖപ്പെടുത്തിയവയും അല്ലാത്തവയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധിയായ വരണാധികാരി സേയ്ഫ് റൂമില്‍ സീല് ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. ഈ വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമമാണ് എക്‌സിറ്റ്‌പോള്‍ ഫലത്തിലെ ബി ജെ പിയുടെ കുതിപ്പിന് പിന്നിലെന്ന് പറയുന്ന നേതാക്കള്‍ മണ്ടന്മാരോ മരമണ്ടന്മാരോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പക്ഷേ, കേരളത്തിലെ അടക്കം ഇടത് സഹയാത്രികരായ ചില പത്രപ്രവര്‍ത്തകര്‍ പോലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞ് പോസ്റ്റ് ഇട്ടു.

വോട്ടെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിവന്ന വോട്ടര്‍മാരെക്കൊണ്ട് വോട്ട് ചെയ്യിച്ചോ ചോദ്യങ്ങള്‍ കൊടുത്ത് ഉത്തരം വാങ്ങിച്ചോ ആണ് ഇത്തരം എക്‌സിറ്റ്‌പോളുകള്‍ തയ്യാറാക്കുക. മൂന്ന് ശതമാനം വരെയുള്ള സാമ്പിളുകളാണ് സാധാരണ ഗതിയില്‍ എക്‌സിറ്റ് പോളിനായി ഉപയോഗപ്പെടുത്തുക. വോട്ടിംഗ് യന്ത്രവുമായി ഒരു ബന്ധവുമില്ലാത്ത സ്വതന്ത്രമായ ഈ സംവിധാനത്തിന്റെ ഫലം പോലും വോട്ടിംഗ് യന്ത്രത്തിന്റെ കൃത്രിമമാണ് എന്ന് പറയുന്ന വിഡ്ഢികളായ ഇടത് നേതാക്കളെ കാണുമ്പോള്‍ ചലച്ചിത്ര പ്രതിഭയായ ജി അരവിന്ദന്റെ ഒരിടത്തിലെ തയ്യല്‍ക്കാരനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് ഓര്‍മ്മ വരുക. ‘റഷ്യയിലൊക്കെ ഒരു കുട്ടി ജനിച്ചാല്‍ അവന് ആവശ്യമായ കരണ്ട് ഒരു കുപ്പിയിലാക്കി സൂക്ഷിക്കും’ എന്നുപറഞ്ഞ ആ കഥാപാത്രത്തെയാണ് എക്‌സിറ്റ്‌പോള്‍ ഫലം വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം കാരണമാണെന്നു പറഞ്ഞ നേതാക്കളെയും ഇടത് മാദ്ധ്യമ പ്രവര്‍ത്തകരെയും ഓര്‍മ്മിപ്പിക്കുന്നത്.

വോട്ടിംഗ് യന്ത്രത്തിനെതിരെ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍ രണ്ട് പ്രഗത്ഭ വ്യക്തികള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ്. ഒന്ന്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേതാണ്. വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് കുറ്റം പറയുന്നതും തരഞ്ഞെടുപ്പ് കമ്മീഷനെ അപമാനിക്കുന്നതും ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം നല്ല പണിക്കാര്‍ പണിയായുധങ്ങളെ കുറ്റം പറയില്ലെന്ന് പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷൻ സംശയത്തിന് അതീതമായിരിക്കണമെന്ന് പ്രവർത്തനം സുതാര്യമായിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗത് പ്രതിപക്ഷത്തെ ഉപദേശിച്ചത് ഇനിയെങ്കിലും മോദി വിരോധം അവസാനിപ്പിച്ച് അദ്ദേഹത്തെ കണ്ടു പഠിച്ച് ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാണ്. ആരുപറഞ്ഞാലും പൊട്ടന്റെ ചെവിയില്‍ പാട്ടു പാടുന്നതുപോലെയാണ് എന്ന കാര്യത്തില്‍ സംശമില്ല.

ഭാരതം ഒരു തിരിച്ചറിവിന്റെ ദൈവദത്തമായ നിയോഗത്തിലാണ്. ഒരുകാലത്ത് ലോകഗുരുവായിരുന്ന ഈ രാഷ്ട്രവും അനാദിയായ സംസ്‌കാരവും ലോക സംസ്‌കാരത്തിന്റെ കളിത്തൊട്ടിലെന്ന് വിശേഷിപ്പിക്കപ്പെട്ട ജനപദങ്ങളും ഒക്കെ നിലനിന്നേ മതിയാകൂ. ലോകത്തെ മറ്റു പല സംസ്‌കാരവിശേഷങ്ങളും സെമറ്റിക് മതങ്ങളുടെയും വൈദേശിക ആക്രമണങ്ങളുടെയും ചുടലപ്പറമ്പില്‍ നീറി ഒടുങ്ങുമ്പോഴും വിജ്ഞാനത്തിന്റെ പ്രഭാപ്രസരമായി കൂരിരുളിലെ പ്രകാശഗോപുരം പോലെ ഇന്നും ഹിന്ദുസംസ്‌കാരം അജയ്യമായി നിലകൊള്ളുന്നു. പ്രചണ്ഡമായ കൊടുങ്കാറ്റുകളോ ഇടമുറിയാത്ത പേമാരിയിലോ ഒലിച്ചുപോകുന്നതല്ല വിശ്വാസത്തിന്റയും സംസ്‌കാരത്തിന്റെയും തനിമയുടെ ഉജ്ജ്വലമായ ഈ അക്ഷയഖനി എന്ന് കാലം തെളിയിച്ചതാണ്. ആ നിയോഗമാണ് ഇന്ന് നരേന്ദ്രമോദിയിലൂടെ ഭാരതം വീണ്ടും സാക്ഷാത്കരിക്കുന്നത്. ആരോപണങ്ങള്‍ എത്ര ഉയര്‍ത്തിയിട്ടും ഒന്നിനെയും കൂസാതെ ഹിമഗിരിശൃംഖത്തിന്റെ ഗരിമയോടെ അതിനെ മൂടിയ മഞ്ഞിന്റെ നിര്‍മ്മലതയോടെ മോദി നടന്നു നീങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സഞ്ചാരത്തിലും ജീവിതത്തിലും വഴികളിലും ആരാധനയിലും ഒക്കെ വിമര്‍ശനത്തിന്റെ മുള്ളുകള്‍ പാകുകയാണ് പ്രതിപക്ഷം.

തിരഞ്ഞെടുപ്പിന്റെ തിക്കും തിരക്കും തീര്‍ന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് നരേന്ദ്രമോദി കേദാര്‍നാഥിലേക്ക് പോയത്. അദ്ദേഹം ഒരു മാധ്യമങ്ങളെയും ക്ഷണിച്ചില്ല. കേദാര്‍നാഥില്‍ ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തശേഷം ശിവദര്‍ശനം നടത്തി. ഒരു രാത്രി അവിടത്തെ രുദ്രഗുഹയില്‍ ഏകാന്തധ്യാനത്തില്‍ നിമഗ്നനായി. അടുത്തദിവസം ബദരിനാഥ് ശിവക്ഷേത്രം ദര്‍ശിച്ച് മടങ്ങി. 542 മണ്ഡലങ്ങളുള്ള തിരഞ്ഞെടുപ്പില്‍ വെറും 59 മണ്ഡലങ്ങള്‍ മാത്രം ശേഷിക്കവേയാണ് മോദി ഈ ക്ഷേത്രദര്‍ശനങ്ങള്‍ നടത്തിയത്. ഇത് ഹിന്ദു വോട്ട് സമാഹരിക്കാനാണെന്നും ഹിന്ദുത്വം ഉണര്‍ത്താനാണെന്നും പറയുന്നവരുടെ ഉദ്ദേശ്യ ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

12 ശതമാനം സീറ്റുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഒരു ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ അത് ഹിന്ദുമതത്തെ സ്വാധീനിക്കാനാണ് എന്ന് പറയുന്ന വികടകേസരികള്‍ പ്രിയങ്കാഗാന്ധി ഗംഗാ ആരതി നടത്തുന്നതും കത്തോലിക്കാ നാമം മറച്ചുവച്ച് ക്ഷേത്രദര്‍ശനം നടത്തിയതും കണ്ടില്ല. റാവുല്‍ വിന്‍സി എന്ന രാഹുല്‍ തന്റെ ഇറ്റാലിയന്‍ – റോമന്‍ കത്തോലിക്കാ ബന്ധം മറച്ചു വച്ച് ഉന്നത ബ്രാഹ്മണകുല ജാതനാണെന്നും കാശ്യപ ഗോത്രമാണോ ഭരദ്വാജ ഗോത്രമാണോ എന്ന് പരതി നടക്കുകയും ചെയ്തത് ഹിന്ദു വോട്ട് ലക്ഷ്യമിട്ടായിരുന്നു എന്ന കാര്യവും ആരും ഓര്‍മ്മിക്കുന്നില്ല. ഇന്ന് നരേന്ദ്രമോദിയുടെ കേദാര്‍നാഥ് ദര്‍ശനം വിവാദമാക്കുന്നവര്‍ക്ക് രാഹുലിന്റെയും പ്രിയങ്കയുടെയും കാര്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ബുദ്ധിനാശം (Selective Alzheimer’s) ബാധിച്ചിരിക്കുന്നു. പക്ഷേ, നരേന്ദ്രമോദിയുടെ ഹിമാലയശൃംഗങ്ങളിലെ ശിവചൈതന്യം തേടിയുള്ള യാത്ര ഒരു പുതിയ താണ്ഡവത്തിനുള്ള അനുഗ്രഹവര്‍ഷം തേടിയുള്ളതാണ്. അജയ്യവും ഉജ്ജ്വലവുമായ ഭാരതത്തെ പടുത്തുയര്‍ത്താന്‍, പുനര്‍നിര്‍മ്മിക്കാന്‍, പുതിയ താണ്ഡവത്തിനുള്ള അനുഗ്രഹവര്‍ഷം.

അതേ, ഭാരതം ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണ്. ആയിരം വര്‍ഷത്തെ അടിമത്വത്തില്‍ നിന്നും ശാപഗ്രസ്തമായ ഓര്‍മ്മകളില്‍ നിന്നും കാര്‍ന്നു തിന്നിരുന്ന പരാധീനതകളില്‍ നിന്നുമുള്ള മോചനം. സ്വന്തം കാലില്‍ യശ:സ്വിയായ ഒരു പുതിയ ഭാരതം. സഹസ്രാബ്ദങ്ങളായി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി നിലനിന്നിരുന്ന ആ ഉജ്ജ്വല പ്രാചീന ഭാരതത്തിന്റെ അന്ത:സത്തയെ സ്വാംശീകരിക്കാനുള്ള പ്രയാണം. ഇനിയും ആ വഴികളില്‍, ജനങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയുള്ള കാലത്തിന്റെ അനിവാര്യമായ ജൈത്രയാത്രയില്‍ കരിമഷിക്കോലങ്ങളായി ശകുനം മുടക്കാതെ ഒന്നിച്ചു നില്‍ക്കാനും ഒന്നിച്ചു ചേരാനും ഒന്നിച്ചു മുന്നേറാനുമാണ് യഥാര്‍ത്ഥ പ്രതിപക്ഷം ശ്രമിക്കേണ്ടത്.

491 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close