ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. 2020-ല്‍ 7.1% വളര്‍ച്ചയാണ് ഇന്ത്യ കൈവരിക്കുകയെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ആഗോള സാമ്പത്തിക സ്ഥിതിയും ഭാവി സാധ്യതകളും’ എന്ന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച പരാമര്‍ശമുണ്ടായത്.
ദക്ഷിണേഷ്യയിലെ ആകെ ഉത്പാദനത്തിന്റെ മൂന്നില്‍ രണ്ട് ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗവും നിക്ഷേപവുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാല്‍ ചൈനയുടെ വളര്‍ച്ച 6.2% ആയി കുറയുമെന്നാണ് യുഎന്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് മുന്‍ വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് കുറവാണ്. 2019-ല്‍ 6.3 ശതമാനവും, 2018-ല്‍ 6.6 ശതമാനവുമായിരുന്നു ചൈനയുടെ സാമ്പത്തിക വളര്‍ച്ച.
2020ല്‍ യുഎസ് 1.9%, ജര്‍മ്മനി 1.4%, ഫ്രാന്‍സ് 1.4%, സ്പെയ്ന്‍ 1.9%, യു.കെ 1.4%, കാനഡ 1.9%, റഷ്യ 1.7%, ബ്രസീല്‍ 2.5%, ജപ്പാന് 0.5% എന്നിങ്ങനെ വളര്‍ച്ച കൈവരിക്കും. എന്നാല്‍ ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.3 ശതമാനം മാത്രമായിരിക്കും. യുഎസ് ചൈനയുമായി നടത്തുന്നതു പോലെയുള്ള വ്യാപാരയുദ്ധങ്ങള് തുടര്‍ന്നാല്‍ അതും ആഗോള സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമാകും.
ഈ വര്‍ഷവും അടുത്ത വര്‍ഷവും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് മുന്‍പ് പറഞ്ഞിരുന്നു. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതും ഉപഭോഗം ഉയരുന്നതുമാണ് സമ്പദ് വ്യവസ്ഥക്ക് പ്രധാനമായും സഹായകരമാകുന്നത്. സാമ്പത്തിക ഘടനാ പരിഷ്കരണങ്ങളും, പൊതുകടം കുറയ്ക്കാനും ബാങ്കിംഗ് രംഗം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങളും ഇന്ത്യയ്ക്ക് ഗുണം ചെയ്തതായും ഗീത ഗോപിനാഥ് വ്യക്തമാക്കിയിരുന്നു.