ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഒരിക്കലും ദുരുപയോഗം ചെയ്യാനാകില്ലെന്ന് മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തി. ഇവിഎമ്മുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും വിവിപാറ്റുകള്‍ അധികമായി എണ്ണണമെന്നുമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ല. അവ ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടാന്‍ പോകുന്നില്ല. വിവിപാറ്റ് വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതു പ്രകാരം അവയും കൊണ്ടു വന്നു. പക്ഷേ ഇപ്പോള്‍ അവസാന നിമിഷം വീണ്ടും വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുകയാണ്. തങ്ങളുടെ പരാജയത്തില്‍ ഓരോ പാര്‍ട്ടിക്കാര്‍ക്കും പശ്ചാത്താപം ഉണ്ടാകും. ഇതിനായി ഓരോരോ ന്യായീകരണം കണ്ടെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിംഗ് മെഷീനുകളില്‍ അപാകത ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യപ്രകാരം ഓരോ നിയോജക മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ നിന്നുള്ള വിവിപാറ്റുകള്‍ എണ്ണണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.