പൂനെ: 835 കിലോ കഞ്ചാവുമായി പൂനെയില്‍ അഞ്ച് പേര് പൊലീസ് പിടിയിലായി. കഞ്ചാവ് ഒരു ട്രക്കില്‍ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിടികൂടിയ മുതലിന് 1.25 കോടി രൂപ വില വരുമെന്ന് പൊലീസ് വ്യക്തമാക്കി. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും കസ്റ്റംസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന വാഹനമാണ് ഇത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
പൂനെയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള പിംപല്ഗാവോണ് ഖട്കിയിലാണ് പരിശോധന നടത്തിയത്. ട്രക്കിന്റെ ഏറ്റവും അടിയിലത്തെ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. 149 പായ്ക്കറ്റുകളിലായിട്ടാണ് 835.48 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവരെ പിന്തുടര്ന്നെത്തിയ ഒരു ഇന്നോവ ക്രിസ്റ്റ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമിത് ഗ്യാനേശ്വര്‍ ബിദ്കര്‍, ദീപക്, ഗുണ്ടു റാവു പാട്ടീല്‍, ഇലയ്യബ്കസ് ബാബമിയാന് മുണ്ടെ, നസീര്‍ ഗഫൂര്‍ പഥാന്‍ എന്നിവരാണ് അറസ്റ്റിലായത്. എന്‍ഡിപിഎസ് ആക്ടിലെ സെക്ഷന്‍ 42 പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.