ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയുമായ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് 2019ലെ വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ന്യൂസ് അവാര്‍ഡിനും പരിഗണിക്കപ്പെടുന്നു. വിവിധ ഡിസൈനുകള്‍ പരിഗണിച്ച് ലോകത്തിലെ മികച്ച ആര്‍ക്കിടെക്ചര്‍ മാതൃകകള്‍ക്ക് നല്കി വരുന്ന അവാര്‍ഡാണിത്. സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്ത് വെറും അഞ്ച് മാസത്തിനുള്ളില്‍ തന്നെ 15 ലക്ഷം ആളുകളാണ് പ്രതിമ സന്ദര്‍ശിച്ചത്. ഏകതാ ശില്‍പ്പത്തിന്റെ വിജയത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ആദ്യ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ഓര്‍മ്മക്കായി സ്ഥാപിച്ചിരിക്കുന്ന ഈ പ്രതിമയ്ക്ക് 182 മീറ്റര്‍ ഉയരമാണുള്ളത്. പ്രതിമയുടെ നിര്‍മാണ രീതികളെ കുറിച്ച് വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ന്യൂസ് വിഭാഗം വിശദീകരിച്ചിട്ടുണ്ട്. പ്രദേശത്ത് അനുഭവപ്പെടുന്ന അതിശക്തമായ കാറ്റിനെ പോലും അതിജീവിക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തുന്ന ഭൂകമ്പത്തെയും നിഷ്പ്രയാസം അതിജീവിക്കാന്‍ പ്രതിമയ്ക്ക് സാധിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രദേശത്തെ വനവാസി മേഖലയിലുള്ള 15000ത്തോളം ആളുകള്‍ക്ക് നേരിട്ട് ജോലി ലഭിക്കുന്നതിനും, ഇവിടുത്തെ ടൂറിസം മേഖലയുടെ ശക്തമായ വളര്‍ച്ചക്കും പ്രതിമയുടെ നിര്‍മാണം സഹായകരമായെന്ന് വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ന്യൂസ് വെബ്സൈറ്റ് പ്രശംസിക്കുന്നു. പ്രതിമ നിര്‍മ്മിച്ചതിന് പിന്നാലെ നിരവധി അനുബന്ധ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രതിമയുടെ ഉള്ളിലേക്കും സമീപത്തേക്കും എത്താനുള്ള സൗകര്യം ഗുജറാത്ത് ടൂറിസം ഡിപ്പാര്‍ട്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് താമസ സൗകര്യത്തിനുള്ള ടിക്കറ്റുകളും ഇവിടെ നിന്ന് ബുക്ക് ചെയ്യുവാന്‍ സാധിക്കും. മൂന്നര വര്‍ഷമെടുത്താണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യമെമ്പാടു നിന്നും ശേഖരിച്ച ഇരുമ്പാണ് പ്രതിമയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. 6500 ഇരുമ്പ് പാനലുകളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ഏറെ പ്രശംസനീയമായ മാതൃകയിലാണ് നദിക്കരയില്‍ ഇത്തരമൊരു പ്രതിമ സ്ഥാപിച്ചിരിക്കുന്നതെന്നും വെബ്സെറ്റില്‍ പറയുന്നു.
135 മീറ്റര്‍ ഉയരത്തില്‍ പ്രതിമയുടെ നെഞ്ച് ഭാഗം വരെ സന്ദര്‍ശകര്‍ക്ക് പോകുവാന്‍ സാധിക്കും. ഇവിടെ ഒരു വ്യൂവിംഗ് ഗാലറിയും ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 200 സന്ദര്‍ശകരെയാണ് ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ മനോഹര ദൃശ്യങ്ങള്‍ക്ക് പുറമെ വിന്ധ്യ, സത്പുര മലനിരകളുടേയും നര്‍മ്മദ വാലിയുടേയും മനോഹര ദൃശ്യം കാഴ്ചക്കാര്‍ക്ക് ഇവിടെ നിന്ന് അനുഭവവേദ്യമാകും.
ഇന്ത്യയുടെ ഐക്യത്തേയും അഭിമാനത്തേയുമാണ് ഏകതാ ശില്‍പ്പം പ്രതിനിധാനം ചെയ്യുന്നതെന്ന് വാന്‍ വെബ്സൈറ്റ് സിഇഒയും എംഡിയുമായ എന്‍.സുബ്രഹ്മണ്യന് വ്യക്തമാക്കി. രാജ്യത്തെ എഞ്ചിനീയറിംഗ് കരുത്തിനും പ്രൊജക്ട് മാനേജ്മെന്റ് വൈദഗ്ധ്യത്തിനുമുള്ള സമര്‍പ്പണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.