ന്യൂഡൽഹി : എക്സിറ്റ് പോളുകൾ കണ്ട് തളർന്ന കോൺഗ്രസ് പ്രവർത്തകരെ സമാധാനിപ്പിച്ച് രാഹുലിന്റെ ട്വീറ്റ് . എക്സിറ്റ് പോളുകൾ കണ്ട് നിരാശപ്പെടരുതെന്നും , ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം . കോൺഗ്രസിനെ വിശ്വസിച്ച് തന്നെ ഇനിയും മുന്നോട്ട് പോകണമെന്നും രാഹുൽ അഭ്യർത്ഥിച്ചു .
എക്സിറ്റ് പോൾ ഫലങ്ങൾ വന്നപ്പോൾ സീതാറാം യെച്ചൂരി ,പിണറായി വിജയൻ അടക്കമുള്ള എൽ ഡി എഫ് നേതാക്കളും എക്സിറ്റ് പോളുകളിൽ കാര്യമില്ലെന്നും ,അത് ചിലപ്പോൾ തെറ്റിപ്പോകുമെന്നും പ്രസ്താവിച്ച് സിപിഎം പ്രവർത്തകരെ സമാധാനിപ്പിച്ചിരുന്നു .അതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയും പ്രവർത്തകർ നിരാശപ്പെടരുതെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ അധികാരം നിലനിർത്തുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും വ്യക്തമാക്കുന്നത് .
ആദ്യം പുറത്തുവന്ന നാല് എക്സിറ്റ് പോൾ ഫലങ്ങളും എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പ്രവചിക്കുന്നു. 306 സീറ്റാണ് ടൈംസ് നൗ എൻഡിഎയ്ക്ക് പ്രവചിച്ചത്. യുപിഎക്ക് 132 ഉം മറ്റുള്ളവർക്ക് 104 ഉം സീറ്റ് പ്രവചിക്കുന്നു.
റിപ്പബ്ലിക് ടിവിയുടെ രണ്ട് എക്സിറ്റ് പോളും എൻഡിഎക്ക് അനുകൂലമാണ്. റിപ്പബ്ലിക് ജൻ കി ബാത് എക്സിറ്റ് പോളിൽ 305 സീറ്റാണ് എൻഡിഎക്ക് പ്രവചിക്കുന്നത്. സീ വോട്ടർമാരുമായുള്ള എക്സിറ്റ് പോളിൽ 287 സീറ്റും പ്രവചിക്കുന്നു. എൻഡിഎ 298 സീറ്റ് നേടുമെന്ന് ന്യൂസ് എക്സും പറയുന്നു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഇന്ത്യാ ടുഡേയും ന്യൂസ് നേഷനും പറയുന്നു. ബിജെപിയ്ക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് നേഷൻ പറയുന്നു.