കോഴിക്കോട് ; തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രാദേശിക സി പി എം നേതാക്കൾക്ക് പങ്കുണ്ടെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീർ. തന്നെ ആക്രമിക്കാനായി തലശ്ശേരി കേന്ദ്രീകരിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാൽ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരിൽ അന്വേഷണം ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും സി ഒ ടി നസീർ പറഞ്ഞു.
ആക്രമണത്തെക്കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് കാര്യമില്ല. ഗൂഢാലോചന നടത്തിയവരെ ഉൾപ്പെടെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പൊലീസ് ശരിയായ ദിശയിൽ അന്വേഷണം നടത്തണമെന്നും സി ഒ ടി നസീർ പറഞ്ഞു.
വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന നസീറിനെ സന്ദർശിച്ച എം വി ജയരാജനും, വടകരയിലെ സിപിഎം സ്ഥാനാർത്ഥി പി ജയരാജനും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരുടെയും വാദങ്ങളെ തള്ളിക്കൊണ്ടാണ് താൻ ആക്രമിക്കപ്പെട്ടതിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് സി ഒ ടി നസീർ വ്യക്തമാക്കിയിരിക്കുന്നത്.