തിരുവനന്തപുരം: അദ്ധ്യായന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്കൂളുകള്‍ക്ക് ബാലാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം. സ്കൂള്‍ പ്രവേശനത്തിനായി പരീക്ഷകള്‍ നടത്തുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനാണ് ബാലാവകാശ കമ്മീഷന്റെ തീരുമാനമെന്ന് ചെയര്മാന് പി സുരേഷ് അറിയിച്ചു.
മഴസമയത്ത് യൂണിഫോമിന്റെ ഭാഗമായി സോക്സും ഷൂസും നിര്‍ബന്ധമാക്കരുത് എന്നും ഉത്തരവിട്ടിട്ടുണ്ട്. സ്കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ കെട്ടിടങ്ങള്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും സ്കൂള്‍ ബസുകളുടെ സുരക്ഷയും ഫിറ്റനസും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഫീസ്, മറ്റ് പിരിവുകള്‍ എന്നിവ അടയ്ക്കാത്തതിനാല്‍ ടിസിയും മറ്റ് രേഖകളും തടഞ്ഞുവെയ്ക്കാനുള്ള അധികാരം സ്കൂള്‍ അധികൃതര്‍ക്ക് ഇല്ലെന്നും കമ്മീഷന് പറഞ്ഞു. സ്കൂള്‍ ബാഗിന്റെ അമിതഭാരം കുറയ്ക്കാനുള്ള നിര്‍ദ്ദേശവും കമ്മീഷന് നല്‍കിയിട്ടുണ്ട്.
കുട്ടികളെ കയറ്റാന്‍ അനുവദിക്കാത്ത സ്വകാര്യ ബസുടമകള്‍ക്കും ജീവനക്കാര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന് പറഞ്ഞു.