Kerala

ജനവിധിയ്ക്ക് കാതോർത്ത് രാജ്യം ; വ്യക്തമായി,കൃത്യതയോടെ,തൽസമയം ഫലമറിയിക്കാൻ സുസജ്ജമായി ജനം ടിവി

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ,ചങ്കിടിപ്പോടെ മുന്നണികൾ . വോട്ടെണ്ണലിന്റെ തൽസമയ വാർത്തകൾ ഇടവേളകളില്ലാതെ ജനങ്ങളിലേക്കെത്തിക്കാൻ ടീം ജനം സുസജ്ജമായി കഴിഞ്ഞു . വോട്ടെണ്ണൽ ആരംഭിക്കുന്നത് മുതൽ ഇടവേളകൾ ഒഴിവാക്കി വാർത്തകളുടെ ചൂടും, ചൂരും ചോരാതെ വോട്ടർമാരിലേക്കെത്തിക്കാൻ സംസ്ഥാനത്തെ എല്ലാം ലോക്സഭാ മണ്ഡലങ്ങളിലും ടീം ജനത്തിന്റെ പ്രതിനിധികൾ ഒരുങ്ങിക്കഴിഞ്ഞു .

വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും . ഒൻപത് മണിയോടെ ആദ്യ ഫലങ്ങൾ അറിഞ്ഞു തുടങ്ങും . വിജയികളെ ഉച്ചയോടെ തന്നെ അറിയാൻ കഴിയുമെങ്കിലും വൈകുന്നേരം ആറുമണിക്കാവും ഔദ്യോഗിക പ്രഖ്യാപനം .

ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റുകൾ എണ്ണുന്നതിനാലാണ് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് . ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണി തീർന്നിട്ടാകും വിവിപാറ്റുകൾ എണ്ണുക . ഇതോടെ ഫലപ്രഖ്യാപനത്തിന് പത്തു മണിക്കൂർ വരെ വേണ്ടി വരും .

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി . വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട് .

തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക . രാവിലെ എട്ടുവരെ എല്ലാ തപാൽ വോട്ടുകളും എണ്ണും . അതോടൊപ്പം ഇ.ടി.പി.ബി.എസ്. വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുണ്ട് .

ആവശ്യമെങ്കിൽ കൂടുതൽ ടേബിളുകൾ കമ്മീഷന്റെ അനുമതിയോടെ സജ്ജീകരിക്കും . നാല് കൗണ്ടിങ് ടേബിളുകളാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകളുള്ള സ്ഥലങ്ങളില്‍ കമ്മിഷന്‍ അനുവാദത്തോടെ അധികം ടേബിളുകൾ ഒരുക്കും.

വ്യാഴാഴ്ച രാവിലെ സ്ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തെരഞ്ഞെടുപ്പ് നിരീക്ഷകൻ ,അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുക .ഓരോ ടേബിളിലും ഒരു മൈക്രൊ ഒബ്സർവറും കൗണ്ടിംഗ് സൂപ്പർവൈസറും അസിസ്റ്റന്റുമാണ് ഉണ്ടാവുക .

നാളെ സംഘർഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കാസർകോട് ജില്ലയിലെ പെരിയയിലും,കല്യോട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു .

വടകര, അഴിയൂര്‍, നാദാപുരം, കുറ്റിയാടി, ഒഞ്ചിയം, ആയഞ്ചേരി എന്നിവിടങ്ങളിലും നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

22,640 പോലീസ് ഉദ്യോഗസ്ഥരേയാണ് സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിട്ടുള്ളത്. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് സുരക്ഷയൊരുക്കും.

841 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close