ന്യൂ ഡല്‍ഹി: ഏറെ ആവേശത്തോടും അതിലുപരി ആകാംക്ഷയോടുമാണ് ഇന്ത്യ 2019 ലോക്സഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. 2014-ല്‍ വീശിയടിച്ച മോദി തരംഗം ഇത്തവണയും ആവര്‍ത്തിക്കുമോ അതോ മറ്റൊരു നേതാവ് ഇന്ത്യ ഭരിക്കുമോ എന്ന ചോദ്യമായിരുന്നു എല്ലാവരുടേയും മനസില്‍. എന്നാല്‍ സംശയങ്ങള്‍ക്കു പോലും ഇടനല്‍കാതെ ഇത്തവണ തെരഞ്ഞെടുപ്പില്‍ കണ്ടത് മോദി തരംഗമല്ല, മറിച്ച് കൊടുങ്കാറ്റാണ്. എല്ലാ എതിരാളികളേയും ബഹുദൂരം പിന്നിലാക്കിയാണ് നരേന്ദ്ര മോദി അധികാരം നില നിര്‍ത്തിയത്.
തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം വാക്പ്പോരുകള്‍ക്ക് വേദിയായ സമൂഹമാദ്ധ്യമം ട്വിറ്ററായിരുന്നു. തുടക്കം മുതലേ ഫലപ്രദമായ രീതിയില്‍ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നതില്‍ ബിജെപിയും നരേന്ദ്ര മോദിയും ഒരുപോലെ ശ്രദ്ധിച്ചിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കാലത്തെ ട്വിറ്റര്‍ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
ട്വിറ്റര്‍ ഇന്ത്യ പുറത്തുവിട്ടിരിക്കുന്ന കണക്കു പ്രകാരം ജനുവരി 1 മുതല്‍ മെയ് 23 വരെയുള്ള കാലയളവില്‍ രാജ്യത്ത് ചെയ്യപ്പെട്ടത് 39.6 കോടി ട്വീറ്റുകളാണ്. തെരഞ്ഞെടുപ്പ് കാലത്ത് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശമുണ്ടായ പേര് നരേന്ദ്ര മോദിയുടേതും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട പാര്‍ട്ടി ബിജെപിയുമാണ്.
2014-ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 56 ദശലക്ഷം ട്വീറ്റുകള്‍ മാത്രമാണ് ചെയ്യപ്പെട്ടത്. ഇത് ഇത്തവണ 600% വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വോട്ടെണ്ണല്‍ ദിവസമായ മെയ് 23-ന് മാത്രം പ്രവഹിച്ചത് 3.2 ദശലക്ഷം ട്വീറ്റുകളാണ്. ഇതിന്റെ മൂന്നിലൊന്ന് ശതമാനം ട്വീറ്റുകളും ചെയ്യപ്പെട്ടത് രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെയുള്ള സമയത്താണ്.