India

ഇത് പരിഹസിച്ചവര്‍ക്കുള്ള മറുപടി; പ്രമുഖ കോണ്‍ഗ്രസ് നേതാവ് പരാജയപ്പെട്ടത് ഒരിക്കല്‍ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വ്യക്തിയോട്

ഭോപ്പാല്‍: രാഷ്ട്രീയത്തില്‍ ‘കുടുംബ മഹിമ’യേക്കാള്‍ പ്രാധാന്യം ജനങ്ങള്‍ക്കാണെന്ന ശക്തമായ സന്ദേശമാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയത്തോടെ വ്യക്തമാകുന്നത്. പ്രമുഖ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയെ സ്വന്തം മണ്ഡലത്തില്‍ മുട്ടുകുത്തിച്ചത് ഒരിക്കല്‍ അദ്ദേഹത്തിന്റെ സെല്‍ഫിയെടുക്കാന്‍ പെടാപ്പാടുപെട്ട ഒരു വ്യക്തിയാണ്. പതിറ്റാണ്ടുകളായി പരാജയമറിയാത്ത സിന്ധ്യ കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ ഗുണയിലാണ് അപ്രതീക്ഷിത അട്ടിമറി നടന്നത്.

മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഡോ.കെ.പി. സിംഗിന് ലഭിച്ചത് പരിഹാസങ്ങളുടെ കൂമ്പാരം മാത്രമായിരുന്നു. കാരണം, ഗുണയില്‍ കോണ്‍ഗ്രസ് നേതാവ് മാധവ റാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാധിത്യ സിന്ധ്യ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ ഒരു വിജയം സുനിശ്ചിതമായിരുന്നു. പണ്ട് സിന്ധ്യയെ മുഴുവന്‍ സമയവും അനുഗമിച്ചയാളായിരുന്നു കെ.പി സിംഗ്. കോണ്‍ഗ്രസില്‍ നിന്നേറ്റ അവഗണനയില്‍ പ്രതിഷേധിച്ച് കെ.പി സിംഗ് ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല.

കെ.പി സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യ പരിഹാസവുമായി രംഗത്തെത്തി. തന്റെ ഭര്‍ത്താവ് കാറിലിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന കെ.പി.സിംഗിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പരിഹാസം. ‘മഹാരാജാവിന്റെ സെല്‍ഫിയെടുക്കാന്‍ ക്യൂ നിന്നവരെയൊക്കെ തപ്പിപ്പിടിച്ച് മഹാരാജാവിനെതിരെ തന്നെ മത്സരിപ്പിക്കാന്‍’ ബിജെപി ശ്രമിക്കുന്നുവെന്നാണ് പ്രിയദര്‍ശിനി അന്ന് പുച്ഛിച്ചത്.

ഗുണ എന്ന മണ്ഡലത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെടുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. കുടുംബ മണ്ഡലത്തില്‍ തലമുറകളായി തുടര്‍ന്നു വരുന്ന വിജയം അനായാസം ആവര്‍ത്തിക്കാമെന്ന സിന്ധ്യയുടെ സ്വപ്‌നങ്ങളാണ് കെ.പി.സിംഗിനു മുന്നില്‍ തകര്‍ന്നു വീണത്.

തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന സിന്ധ്യ ഗുണ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയത് അവസാനത്തെ ഒരാഴ്ച്ച മാത്രം. എന്നാല്‍ കൃഷ്ണ പാല്‍ സിംഗ് എന്ന കെ.പി.സിംഗിന് ഈ സമയം ധാരാളമായിരുന്നു. ഫലം പുറത്തു വന്നപ്പോള്‍ ‘മഹാരാജാവ്’ പരാജയപ്പെട്ടത് 1,20,000-ല്‍ പരം വോട്ടുകള്‍ക്കാണ്. സിന്ധ്യ നാലു വട്ടം വിജയിച്ചു കയറിയ മണ്ഡലത്തില്‍ കെ.പി.സിംഗ് വിജയക്കൊടി പാറിച്ചപ്പോള്‍ അന്ന് പരിഹസിച്ച എതിരാളികള്‍ പോലും കൈയ്യടിച്ചിട്ടുണ്ടാകണം.

2018-ല്‍ മഹേന്ദ്ര സിംഗ് എംഎല്‍എയുടെ മരണത്തോടെ കാലുഘെട മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കെ.പി.സിംഗിന് അര്‍ഹതപ്പെട്ട സീറ്റ് കോണ്‍ഗ്രസ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം അതേ വര്‍ഷം ബിജെപിയില്‍ ചേരുകയായിരുന്നു.

ഒരു വട്ടം നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് പ്രതികാരം വീട്ടാന്‍ കെ.പി സിംഗിന് ബിജെപി ഒരു അവസരം കൂടി നല്‍കുന്നത്. കിട്ടിയ അവസരം വിനിയോഗിച്ച അദ്ദേഹം ഞെട്ടിച്ചത് സിന്ധ്യ കുടുംബത്തെ മാത്രമല്ല, കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തെക്കൂടിയാണ്.

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close