ന്യൂ ഡല്‍ഹി: രാജ്യത്തെ അമ്പരപ്പിച്ച മോദി തരംഗം ഇന്ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് സെന്റര്‍ ഹാളിലേക്കും പടര്‍ന്നു പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നരേന്ദ്ര മോദി എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. രാജ്നാഥ് സിംഗും നിതിന്‍ ഗഡ്കരിയും മോദിയെ പിന്തുണച്ചു. തുടര്‍ന്ന് എന്‍ഡിഎ നേതാവായും മോദി തെരഞ്ഞെടുക്കപ്പെട്ടു. തന്നെ തെരഞ്ഞെടുത്ത എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഭരണഘടന തൊട്ടു വന്ദിച്ച ശേഷമാണ് മോദി പ്രസംഗം ആരംഭിച്ചത്. പുതിയ ഇന്ത്യയുടെ തുടക്കമാണിതെന്നും ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വത നേടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തടസങ്ങളേയും എന്‍ഡിഎ മറികടന്നു. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മോദി വ്യക്തമാക്കി.
ലോകം മുഴുവന്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി. അധികാരത്തിന്റ ഗര്‍വ്വ് ജനങ്ങള്‍ അംഗികരിക്കാന്‍ തയ്യാറാവില്ല. മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി വ്യക്തമാക്കി.
‘നിങ്ങളെന്നെ നിങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു. എന്നാല്‍ ഞാന്‍ നിങ്ങളിലൊരാളാണ്, നിങ്ങളെപ്പോലെയൊരാളാണ്’. മോദി പറഞ്ഞു. രാജ്യം തന്നിലര്‍പ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുമെന്നും പിന്തുണച്ചവരേയും വിമര്ശിച്ചവരേയുമെല്ലാം ഒപ്പം നിര്‍ത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.