കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച സിപിഎം നേതാവ് സി.ഒ.ടി നസീറനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പൊന്ന്യം സ്വദേശി കെ.അശ്വന്ത്, കൊളശ്ശേരി സ്വദേശി വികെ സോജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അശ്വന്ത്. നസീറിനെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് ഓടിച്ചിരുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം, വധശ്രമത്തില്‍ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം നസീര്‍ തള്ളിയിരുന്നു. സിപിഎം പ്രാദേശിക നേതാക്കള്‍ തന്നെയാണ് തന്നെ വധിക്കാനുള്ള ഗൂഢാലോചന നടത്തിയതെന്ന് നസീര്‍ പറഞ്ഞു.
വധശ്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നസീര്‍ തങ്ങളോട് പറഞ്ഞതായായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്ട്രട്ടറി എംവി ജയരാജനും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനും പറഞ്ഞിരുന്നു.
സിപിഎമ്മിന്റെ തലശ്ശേരി, കൊളശ്ശേരി ലോക്കല്‍ കമ്മിറ്റികളിലെ പ്രാദേശിക നേതാക്കള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് നസീര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പങ്കുള്ളവരെ സംരക്ഷിക്കുന്ന മനോഭാവമാണ് പോലീസിനുള്ളതെന്നും നസീര്‍ ആരോപിക്കുന്നു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത 3 പേരെമാത്രം പ്രതി ചേര്‍ത്ത് കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ ശ്രമം.
ഈ മാസം 19 നാണ് സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭാംഗവുമായിരുന്ന നസീറിന് തലശ്ശേരിയില്‍ വച്ച് വെട്ടേറ്റത്. നസീര്‍ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.