അഹമ്മദാബാദ്: പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയെന്ന ദൃഢനിശ്ചയമാണ് ചെറുപ്പം മുതല്‍ നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് അദ്ദേഹത്തെ രാഷ്ട്രീയ സ്വയം സേവക സംഘത്തിലേക്ക് കൈപിടിച്ചു കയറ്റിയ അംബലാല്‍ കോഷ്ഠി പറഞ്ഞു. ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അംബലാല്‍.
അഹമ്മദാബാദ് ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ചായ വില്‍ക്കാനെത്തിയ നരേന്ദ്ര മോദിയേയാണ് അംബലാല്‍ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍ അംബലാല്‍ ആകൃഷ്ടനായിരുന്നു.
‘ഒരിക്കല്‍ ഗുജറാത്ത് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കുകയുണ്ടായി. അന്ന് ഞങ്ങള്‍ അഹമ്മദാബാദിലെ ഓഫീസിനു പുറത്ത് ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിനിടയില്‍ അന്ന് കണ്ട അതേ കുട്ടി പ്രതിഷേധ വേദിക്കു സമീപത്തു കൂടെ പോവുന്നതു ഞാന്‍ കണ്ടു. ഉടന്‍ തന്നെ ഞാന്‍ അവനെ അടുത്തു വിളിച്ചപ്പോള്‍ ഞങ്ങളേടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അവന് അറിയിച്ചു’. അംബലാല്‍ പറഞ്ഞു.
നിലപാടുകളില്‍ ദേശീയത നിറഞ്ഞു നിന്നിരുന്ന ആ കുട്ടിയെ അദ്ദേഹം ജനസംഘത്തിലെ അംഗമാക്കി. സ്വന്തം വസതിയില്‍ വെച്ചാണ് മോദിക്ക് അദ്ദേഹം സംഘത്തില്‍ അംഗത്വം നല്‍കിയത്. അന്ന് 25 പൈസയായിരുന്നു അംഗത്വ ഫീസ്. അഹമ്മദാബാദിലെ ഓഫീസില്‍ അദ്ദേഹം മോദിക്കായി ഒരു പ്രത്യേക ഇരിപ്പിടവും നല്‍കിയിരുന്നു.
തുടര്‍ച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു അംബലാല്‍. ഇന്ന് ഗാന്ധിനഗറിലെ ബിജെപിയുടെ മാദ്ധ്യമ വിഭാഗത്തിന്റെ ചുമതല നിര്‍വ്വഹിക്കുകയാണ് അദ്ദേഹം.