വിസ്മയകരമായ വിജയത്തോടെ വീണ്ടും എൻ ഡി എ അധികാരത്തിൽ എത്തുന്നതിന്റെ ആഘോഷത്തിൽ ആണ് യു എ ഇ യിലെ പ്രവാസി സമൂഹം. ബിജെപിയുടെ പ്രവാസി ഘടകമായ ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യു എ ഇയിൽ എല്ലായിടങ്ങളിലും ആഘോഷ പരിപാടികൾ തുടരുകയാണ്.
വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തിൽ മോദി സർക്കാർ അധികാര തുടർച്ച നേടിയതിന്റെ ആഘോഷം ഇന്ത്യയിൽ അങ്ങോളമിങ്ങോളം അലയടിക്കുമ്പോൾ പ്രവാസ ലോകവും ആഘോഷത്തിലാണ്. പ്രവാസി ഇന്ത്യക്കാർക്ക് ഏറെ അഭിമാനവും, പ്രവാസി വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്ത ഗവണ്മെന്റായിരുന്നു നരേന്ദ്ര മോദിയുടേത്. വിദേശകാര്യ മന്ത്രി ആയിരുന്ന സുഷമ സ്വരാജിന്റെ പ്രവർത്തന മികവ് ലോക നേതാക്കളുടെ പോലും പ്രശംസ നേടിയതാണ്. രണ്ടാം വട്ടവും നരേന്ദ്ര മോദിയും, എൻ ഡി എ യും അധികാരത്തിൽ എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രവാസി ഇന്ത്യക്കാർ. യു എ ഇ യിൽ എല്ലാ എമിറേറ്റുകളിലും ബി ജെ പിയുടെ പ്രവാസി ഘടകമായ ഇന്ത്യൻ പീപ്പിൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷ പരിപാടികൾ തുടരുകയാണ്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ പ്രവർത്തകർ ഒരുമിച്ചു ചേർന്ന് മധുരം പങ്കിട്ടു.
ഐ പി എഫ് പ്രസിഡന്റ് ഭുപേന്ദ്ര കുമാർ, ഭാരവാഹികളായ രമേശ് മന്നത്ത്, അഡ്വ അരുൺ കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ആഘോഷ പരിപാടികൾ തുടരുമെന്നും, പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ പുതിയ സർക്കാർ അധികാരമേറ്റ് ഉടനെ തന്നെ ശ്രദ്ധയിൽ പെടുത്തുമെന്നും ഐ പി എഫ് നേതൃത്വം അറിയിച്ചു.